advertise here  Call : 9072780374

മെയിൻ ഈസ്റ്റൺ ഹൈവേയിൽ നെല്ലിപ്പള്ളിയിൽ സംരക്ഷണഭിത്തി നിർമാണം തുടങ്ങി


 മെയിൻ ഈസ്റ്റൺ ഹൈവേയിൽ നെല്ലിപ്പള്ളിയിൽ സംരക്ഷണഭിത്തി നിർമാണം തുടങ്ങി




*നെല്ലിപ്പള്ളിയിൽ സംരക്ഷണഭിത്തി തകർന്നഭാഗത്ത് ആരംഭിച്ച ഗാബിയൻ ഭിത്തി നിർമാണം*



*പുനലൂർ*




നെല്ലിപ്പള്ളിയിൽ കല്ലടയാറിനോടു ചേർന്ന് മൂവാറ്റുപുഴ ഹൈവേയുടെ സംരക്ഷണഭിത്തി തകർന്ന ഭാഗത്ത് പുനർനിർമാണം പുരോഗമിക്കുന്നു. റോഡിനോടു ചേർന്നുള്ള ഭാഗത്തെ ഭിത്തിയുടെ നിർമാണം കഴിഞ്ഞദിവസം തുടങ്ങി. പുഴയുടെ അടിത്തട്ടിൽ പുലിമുട്ട് മാതൃകയിലുള്ള ഏപ്രൺ നിർമാണം മൂന്നുമാസത്തിലധികമായി നടന്നുവരികയാണ്. വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും ഭിത്തിക്കും റോഡിനും തകരാറുണ്ടാകാതിരിക്കാനാണിത്.


അടിത്തട്ടിൽനിന്ന്‌ ഓരോ 80 സെന്റീമീറ്റർ ഉയരത്തിലും തുരുമ്പിക്കാത്ത ലോഹവല വിരിച്ച് മണ്ണിട്ടു നികത്തിയാണ് പുതിയ സാങ്കേതികവിദ്യയിൽ സംരക്ഷണഭിത്തി നിർമിക്കുന്നത്. മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായ മെക്കാഫറി എൻവയൺമെന്റൽ സൊലൂഷ്യൻസ് എന്ന സ്ഥാപനത്തിന്റെ സാങ്കേതികവിദ്യയും സാമഗ്രികളുമാണ് നിർമാണത്തിന് ഉപയോഗിക്കുക.


പുഴയുടെ അടിത്തട്ടിൽ 13.8 മീറ്റർ നീളത്തിലും 72 മീറ്റർ വീതിയിലുമാണ് പുലിമുട്ട് മാതൃകയിൽ നിർമാണം നടക്കുന്നത്. ആറ്റിൽ ഒഴുക്ക്‌ വർധിച്ച് മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാനും ഇതുവഴി സംരക്ഷണഭിത്തി താഴേക്ക് ഇരുത്തുന്നത് തടയാനുമാണ് ഈ നിർമാണം. ഇതിനായി ഇരുമ്പുവലകളിൽ പാറക്കല്ലുകൾ നിറച്ച് ആറ്റിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതുവരെ പാറനിറച്ച 850-ഓളം വലകൾ ആറ്റിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇതു മൊത്തത്തിൽ ഏകദേശം 1700 ടൺ വരും. ഇതിനെ തകർക്കുംവിധമുള്ള ഒഴുക്കോ വെള്ളപ്പൊക്കമോ ആറ്റിൽ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.


ആദ്യം ഇവിടെ നിർമിച്ച ഗാബിയൻ സംരക്ഷണഭിത്തി തകർന്ന് ഒൻപതു മാസത്തിനുശേഷമാണ് പുതിയ ഭിത്തിയുടെ നിർമാണം തുടങ്ങുന്നത്. ആദ്യഭിത്തി തകർന്ന സാഹചര്യത്തിൽ പുതിയ രൂപരേഖ തയ്യാറാക്കുന്നതിന് കൂടുതൽ സമയമെടുത്തിരുന്നു. പുനർനിർമാണത്തിനുള്ള രൂപരേഖയ്ക്ക്‌ അംഗീകാരം ലഭിച്ചതുപോലും അഞ്ചുമാസം നീണ്ട സൂക്ഷ്മപരിശോധനയ്ക്കു ശേഷമായിരുന്നു.


കഴിഞ്ഞകൊല്ലം ജൂലായ് മൂന്നിന് പുലർച്ചെയാണ് 72 മീറ്റർ നീളവും ഒൻപതു മീറ്റർ വീതിയുമുള്ള ഗാബിയൻ സംരക്ഷണഭിത്തി തകർന്ന് കല്ലടയാറ്റിൽ പതിച്ചത്. ഇവിടെ പുഴയ്ക്ക് വളവുള്ളതിനാൽ വർധിച്ച ഒഴുക്കിൽ ചുഴി രൂപപ്പെട്ട് വശത്തെ മണ്ണിടിഞ്ഞതാണ് ഭിത്തി തകരാൻ കാരണമെന്നായിരുന്നു കണ്ടെത്തൽ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത(മെയിൻ ഈസ്റ്റേൺ ഹൈവേ)യുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് നെല്ലിപ്പള്ളിയിൽ സംരക്ഷണഭിത്തി നിർമിക്കുന്നത്.

About VOP

0 comments:

Post a Comment

Powered by Blogger.