പുനലൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടി*
*പുനലൂർ*
അപകടങ്ങളിൽപ്പെട്ടവ, ലഹരിക്കടത്ത് കേസുകളിൽപ്പെട്ടവ, അവകാശികൾ എത്താത്തവ...എന്നിങ്ങനെ പുനലൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ നിറഞ്ഞുകവിയുകയാണ്. പണ്ട് കസ്റ്റഡിയിലെടുത്ത്, തുരുമ്പിച്ച വാഹനങ്ങളിൽ പലതിലും ശേഷിക്കുന്നത് 'അസ്ഥികൂടം'മാത്രം.
ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളിൽ കുറേയെണ്ണം കാടുമൂടി. പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്യാൻപോലും ഇടമില്ലാത്തവിധം കുന്നുകൂടുകയാണ് ഈ വാഹനങ്ങൾ.
ലോറികൾ, വിലകൂടിയ കാറുകൾ, ഓട്ടോറിക്ഷകൾ, ആഡംബര ബൈക്കുകൾ ഉൾപ്പെടെ മഴയും വെയിലുമേറ്റ് നശിക്കുന്നു. 150-ലധികം വാഹനങ്ങൾ സ്റ്റേഷൻ വളപ്പിലുണ്ട്.
മിക്കതും പുനരുപയോഗസാധ്യമല്ല. നന്നാക്കണമെങ്കിൽത്തന്നെ വൻ തുക ചെലവാകും. ചില വാഹനങ്ങൾ തിരിച്ചറിയാൻ കഴിയാതായി. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ സാക്ഷ്യപത്രങ്ങളാണിവ.
മണൽക്കടത്തിൽ ഉൾപ്പെട്ടതടക്കം നാലു ലോറികൾ വളപ്പിലുണ്ട്. കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളും ഒട്ടേറെ. ഇതിൽ അവകാശികളെത്താത്ത ബൈക്കുകൾ മാത്രം 104 എണ്ണം. കേസിൽപ്പെട്ടാൽ ഉടമകൾ വാഹനം ഉപേക്ഷിക്കുന്ന രീതിയാണ് ഇവ കുന്നുകൂടുന്നതിനു കാരണം.
നേരത്തേ സ്റ്റേഷനു മുന്നിലെ പുരയിടത്തിലും വഴികളിലുമായി ഇവ നിരന്നിരുന്നു. ഇവയിൽ കുറേയെണ്ണം പിന്നീട് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.
ഇഴജന്തുക്കൾക്ക് താമസസ്ഥലമായി ഇപ്പോൾ ഇവ മാറിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലെ തളിപ്പറമ്പ് പോലീസ് ഡമ്പിങ് യാർഡിലുണ്ടായ തീപ്പിടിത്തത്തിൽ വാഹനങ്ങൾ കത്തിനശിച്ചത് ഇവിടെയും ആശങ്കയുണ്ടാക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പോലീസ് സ്റ്റേഷനടുത്തായി ഡിവൈ.എസ്.പി. ഓഫീസ് പരിസരത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം ശ്രമിച്ചാണ് തീകെടുത്തിയത്.
പുനലൂരിലെ കടുത്ത ചൂട് അഗ്നിബാധയ്ക്ക് ആക്കംകൂട്ടുന്നു. 34.6 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞദിവസം ഇവിടെ രേഖപ്പെടുത്തിയത്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന പുനലൂരിൽ ഒരു തീപ്പൊരിമതി വൻ അഗ്നിബാധയിലേക്ക് നയിക്കാൻ.
പുനലൂർ സ്റ്റേഷനിലെ വാഹനങ്ങൾ അടുത്തിടെയെങ്ങും ലേലം ചെയ്തിട്ടില്ല. ഇവയിൽ കേസിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ മൂല്യം നിശ്ചയിക്കുന്നതിന് മോട്ടാർവാഹനവകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
0 comments:
Post a Comment