പുനലൂർ കുര്യോട്ടുമലയില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നു
*പുനലൂർ*
രോഗം വന്നതും തെരുവില്‍ ഉപേക്ഷിക്കപ്പെട്ടതുമായ നായ്ക്കളെ സംരക്ഷിക്കാന്‍
പുനലൂർ കുര്യോട്ടുമലയില്‍ ഡോഗ് ഷെല്‍ ട്ടര്‍ ഹോം ഒരുങ്ങുന്നു.
2000 നായ്ക്കളെ ഒരേ സമയം പാര്‍പ്പിച്ച് ചികിത്സയും പുനരധിവാസവും ഒരുക്കുന്ന ഹോമിന് 60 ലക്ഷം രൂപ ചെലവ് വരും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുര്യോട്ടുമലയില്‍ ഒരേക്കര്‍ സ്ഥലത്താണ് കേന്ദ്രം നിര്‍മ്മിക്കുന്നത്. തെരുവുനായ് ശല്യം രൂക്ഷമായ ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ആവശ്യത്തിന് ഇല്ലാത്തത് പുനരധിവാസത്തെ ബാധിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് ഡോഗ് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നത്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ നിര്‍വഹിച്ചിരുന്നു. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
*സംരക്ഷിക്കാം, ദത്തെടുക്കാം*
തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നതും റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും രോഗം ബാധിച്ചതുമായ നായ്ക്കളെയാണ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുന്നത്. അപകടത്തില്‍ പരിക്കേല്‍ക്കുന്ന നായ്ക്കളെ സംരക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ തെരുവില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. മൃഗാശുപത്രികളില്‍ എത്തിച്ചാല്‍ ചികിത്സ നല്‍കാമെന്നല്ലാതെ സംരക്ഷിക്കാന്‍ സംവിധാനമില്ല. എന്നാല്‍, ഷെല്‍ട്ടര്‍ ഹോമില്‍ നായ്‌ക്കളുടെ അടിന്തര ചികിത്സയ്ക്കും സംരക്ഷണത്തിനും സംവിധാനം ഉണ്ടാവും. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവയെ ആംബുലന്‍സില്‍ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് തുടര്‍ ചികിത്സക്ക് സൗകര്യമൊരുക്കും. കെയര്‍ടേക്കര്‍, ഹാന്‍ഡ് ലേഴ്സ് എന്നിവരെയുംനിയോഗിക്കും.
കൂടാതെ, നായ്ക്കളെ ദത്തെടുക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും.
0 comments:
Post a Comment