പുനലൂരിൽ ഉയർന്നില്ല എക്‌സൈസ് സമുച്ചയം
22 May 2022
നടപടി ആരംഭിച്ചിട്ട് രണ്ടു കൊല്ലത്തിലേറെ*
*പുനലൂർ :*
രണ്ടുകൊല്ലം മുൻപ് നിർമാണത്തിന് നടപടിയാരംഭിച്ച പുനലൂരിലെ എക്സൈസ് സമുച്ചയം ഇനിയും ഉയർന്നില്ല. നഗരത്തിന്റെ ഹൃദയഭാഗത്തെ നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിലാണ് ഇപ്പോഴും എക്സൈസ് ഓഫീസിന്റെ പ്രവർത്തനം. ഇവിടെ പുതിയ സമുച്ചയം നിർമിക്കുന്നതിന് ഏതാനും മാസം മുൻപ് ഡിസൈൻ പുതുക്കി സമർപ്പിച്ചെങ്കിലും ഇതിനും ഭരണാനുമതി ലഭിച്ചിട്ടില്ല.
2020-ലെ ബജറ്റിൽ കെട്ടിടനിർമാണത്തിന് ടോക്കൺ പ്രൊവിഷൻ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എക്സൈസ് മന്ത്രിയായിരുന്ന ടി.പി.രാമകൃഷ്ണൻ 2020 ഫെബ്രുവരിയിൽ സ്ഥലം നേരിട്ടു സന്ദർശിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് നടപടികൾക്ക് വേഗമുണ്ടായില്ല. പുനലൂരിൽ ചന്തയ്ക്കു എതിർഭാഗത്തെ പഴക്കംചെന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ സമുച്ചയം നിർമിക്കാൻ പദ്ധതിയിട്ടത്. വർഷങ്ങളായി പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. രണ്ടുവർഷമായി സർക്കിൾ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. പത്തനാപുരം കേന്ദ്രമായി പുതിയ താലൂക്ക് രൂപവത്‌കരിച്ചതോടെ പുനലൂരിലെ റേഞ്ച് ഓഫിസ്കുന്നിക്കോട്ടേക്ക് മാറ്റി. തുടർന്നാണ് തൊളിക്കോട്ട് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സർക്കിൾ ഓഫീസ് ഇവിടേക്ക് മാറ്റിയത്.
കെട്ടിടം സ്ഥിതിചെയ്യുന്നതുൾപ്പെടെ 65 സെന്റ് ഭൂമിയാണ് ഇവിടെ എക്സൈസ് വകുപ്പിനുള്ളത്. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലാണ് ഈ കെട്ടിടം. ഓടുമേഞ്ഞ മേൽക്കൂരയിൽ ടാർപ്പോളിൻ വിരിച്ചാണ് ചോർച്ചയിൽനിന്ന് കെട്ടിടത്തെ രക്ഷിക്കുന്നത്.
*അടങ്കൽ തുക 3.20 കോടി*
പി.എസ്.സുപാൽ എം.എൽ.എ. മുൻകൈയെടുത് അടുത്തിടെ സമുച്ചയത്തിന്റെ ഡിസൈൻ പുതുക്കിയിരുന്നു. 3.20 കോടി രൂപയാണ് പുതുക്കിയ ഡിസൈൻ പ്രകാരമുള്ള അടങ്കൽത്തുക. ഇത് അനുമതിക്കായി കമ്മിഷണർക്ക് സമർപ്പിക്കുകയും ചെയ്തു. സർക്കിൾ ഓഫീസ്, ഇൻസ്പെക്ടർ ഓഫീസ്, ക്വാർട്ടേഴ്‌സ്, ലഹരിവിമുക്ത പദ്ധതിയുടെ ഓഫീസ്, തൊണ്ടിമുറി അടക്കമുള്ള കെട്ടിടസമുച്ചയം നിർമിക്കാനാണ് പദ്ധതി.
0 comments:
Post a Comment