*ഭക്ഷ്യസംഭരണശാലയ്ക്ക് നഗരസഭഭൂമി കൈമാറാൻ വൈകുന്നു*
22 May 2022
*മരംമുറി നീളുന്നു*
*പുനലൂർ :*
കേന്ദ്ര വെയർഹൗസിങ് കോർപ്പറേഷൻ (സി.ഡബ്ള്യു.സി.) പുനലൂരിൽ സ്ഥാപിക്കാൻ പദ്ധതിയിട്ട ഭക്ഷ്യസംഭരണശാലയ്ക്ക് ഭൂമി കൈമാറാൻ രണ്ടുമാസത്തിനുശേഷവും നഗരസഭയ്ക്കായില്ല. ഭൂമിയിൽ സർവേ നടത്താൻ കഴിയാത്തതാണ് കാരണം. മറ്റു ജില്ലകളിൽ സി.ഡബ്ള്യു.സി.യുടെ സംഭരണശാലകൾ സ്ഥാപിക്കുന്ന നടപടികൾ മുന്നേറുമ്പോഴും പുനലൂരിൽ ഇതിനുള്ള പ്രാഥമിക നടപടിപോലുമായിട്ടില്ല. സി.ഡബ്ല്യു.സി. കൊല്ലം ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടുള്ള ആദ്യസംരംഭമാണിത്.
സംഭരണശാലയ്ക്കായി മൈലക്കൽ വാർഡിലെ വട്ടപ്പടയിൽ രണ്ടര ഏക്കർ ഭൂമി 30 വർഷത്തെ പാട്ടത്തിനു വിട്ടുനൽകാമെന്നാണ് നഗരസഭ വാഗ്ദാനം ചെയ്തിരുന്നത്. പി.എസ്.സുപാൽ എം.എൽ.എ. മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നതിന് അവസരമൊരുക്കിയത്. തുടർന്ന് വെയർഹൗസിങ് കോർപ്പറേഷനിൽനിന്നുള്ള സംഘം കഴിഞ്ഞ മാർച്ച് ആദ്യം സ്ഥലം പരിശോധിച്ചിരുന്നു. ഭൂമി വിട്ടുകിട്ടിയാൽ ഒരുവർഷത്തിനുള്ളിൽ സംഭരണശാല പൂർത്തിയാക്കുമെന്നാണ് കോർപ്പറേഷന്റെ വാഗ്ദാനം.
വട്ടപ്പടയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ ഭൂമിയിൽനിന്നാണ് രണ്ടര ഏക്കർ സി.ഡബ്ല്യു.സി.ക്ക് കൈമാറുന്നത്. എന്നാൽ ഈ ഭൂമി കാടുമൂടി കിടക്കുന്നതിനാൽ സർവേ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് നഗരസഭാവൃത്തങ്ങൾ പറയുന്നു.
രണ്ടുമാസംമുമ്പ് സർവേക്ക് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കാടുനിറഞ്ഞ ഭൂമിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഭൂമിയിലെ കാടുതെളിക്കുകയും മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്താലേ സർവേ നടത്താനാകൂ.
മരങ്ങൾ മുറിക്കുന്നതിനായി അപേക്ഷ നൽകിയതുപ്രകാരം സോഷ്യൽ ഫോറസ്ട്രി ഇവയുടെ വിലനിർണയം ആരംഭിച്ചിട്ടുണ്ട്. ഇതിൽ 518 എണ്ണം റബ്ബർമരങ്ങളാണ്. ഇവ മുറിച്ചാൽ സർവേ ആരംഭിക്കാനാകുമെന്ന് നഗരസഭാധികൃതർ വിശദീകരിക്കുന്നു. അതേസമയം ഭൂമി ലഭിച്ചാൽ മാത്രമേ വെയർഹൗസിങ് കോർപ്പറേഷന് തുടർനടപടികൾ ആരംഭിക്കാൻ കഴിയൂ.
നഗരസഭ നൽകുന്ന സ്കെച്ച് പരിശോധിച്ചശേഷമേ സംഭരണശാലയുടെ ശേഷി നിശ്ചയിക്കാനാകൂ. 10,000 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ സംഭരിക്കാവുന്ന കെട്ടിടം നിർമിക്കുന്നതിനാണ് കോർപ്പറേഷൻ പ്രാഥമികമായി പദ്ധതിയിട്ടിട്ടുള്ളത്. പഴവും പച്ചക്കറിയും സൂക്ഷിക്കാൻ ശീതീകരിച്ച സംവിധാനവും ഇതിലുണ്ടാകും. 12 മുതൽ 15 കോടി രൂപവരെ കോർപ്പറേഷൻ മുടക്കും.
സംസ്ഥാനത്ത് 12 സംഭരണശാലകളാണ് സി.ഡബ്ള്യു.സി.ക്കുള്ളത്. 13,000 മെട്രിക് ടൺ സംഭരിക്കാവുന്ന 1.20 ലക്ഷം ചതുരശ്ര അടിയിലുള്ള 13-ാമത്തെ സംഭരണശാല കാസർകോട് മടിക്കൈയിലും 25,000 മെട്രിക് ടൺ സംഭരണശേഷിയുള്ള 14-ാമത്തെ സംഭരണശാല പാലക്കാട്ടും നിർമിച്ചുവരുന്നു.
കൊല്ലം, ആലപ്പുഴ, ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിൽ സംഭരണശാലകളില്ല. ഇതിനായി ഇവിടങ്ങളിൽ ഭൂമി ലഭ്യമാക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികളുമായും കളക്ടർമാരുമായും സി.ഡബ്ള്യു.സി. ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സുപാൽ എം.എൽ.എ. പുനലൂരിൽ സ്ഥലം ലഭ്യമാക്കാൻ നടപടിയെടുത്തത്.
0 comments:
Post a Comment