കഴുതുരുട്ടിയിലും ഇടപ്പാളയത്തും കാട്ടാനശല്യം രൂക്ഷം
തെന്മല :*
ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയിലും ഇടപ്പാളയത്തും കാട്ടാനശല്യം രൂക്ഷമാകുന്നു. വനാതിർത്തിയോടുചേർന്ന ജനവാസമേഖലകളിൽ ചക്കപാകമായതോടെ രണ്ടാഴ്ചയിലേറെയായി കാട്ടാനകൾ പ്രദേശത്തുനിന്ന് ഒഴിയുന്നില്ല. കഴുതുരുട്ടി കടുവാകലുങ്ക്, ഇടപ്പാളയം ആനകുത്തിവളവ്, പള്ളിമുക്ക്, മുരുകൻപാഞ്ചാലിൽ തുടങ്ങിയ ഭാഗങ്ങളെല്ലാം റെയിൽവേ പാതയുടെ ഇരുവശങ്ങളിലും കാട്ടാന സ്ഥിരമായി വന്നുപോകുന്നു. ഉയരത്തിൽ നിൽക്കുന്ന ചക്കപറിക്കാൻ കഴിയുന്നില്ലെങ്കിൽ മരം കുലുക്കിയും പിഴുതുമൊക്കെ നാശംവരുത്തുകയാണ്. അതിനാൽ പലരും ചക്ക പകമാകുന്നതിനു മുമ്പുതന്നെ പറിച്ചുകളയുകയാണ്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും കഴുതുരുട്ടി കടുവാകലുങ്കിനുസമീപം രാഹുൽഭവനിൽ രാജുവിന്റെ വീടിനോടുചേർന്നുള്ള വനാതിർത്തിയിൽ കാട്ടാന നിലയുറപ്പിച്ചിരുന്നു. ഒരാഴ്ചയായി ഈഭാഗത്തെ നിരവധിപേരുടെ തെങ്ങ്, പ്ലാവ് എന്നിവ നശിപ്പിച്ചു.
അതേസമയം റെയിൽവേ ട്രാക്കിന് വളവുള്ള ഈ ഭാഗത്ത് കാട്ടാനകൾ പാത മറികടക്കുന്നത് പ്രധാന ആശങ്കയാണ്.
റെയിൽവേ ട്രാക്കിൽ കയറിയ കാട്ടാനയെ കഴിഞ്ഞമാസം തീവണ്ടി തട്ടിയിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതിനാൽ കാട്ടാനയെ അകറ്റിയില്ലങ്കിൽ വൻ അപകടത്തിന് സാധ്യതയുണ്ട്.
0 comments:
Post a Comment