ഉറുകുന്നു കനാൽപ്പാലം ഇറക്കത്ത് അപകടമേഖല
02 May 2022
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഉറുകുന്ന് കനാൽപ്പാലം ഇറക്കം അപകടമേഖലയായിട്ടും പരിഹരിക്കാനുള്ള നടപടിയില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചിന് രണ്ട് അപകടങ്ങളിലായി മൂന്നുപേർക്ക് പരിക്കേറ്റു.
ഉറുകുന്നിലേക്ക് പോയ കാറും ചരക്കിറക്കി തമിഴ്നാട്ടിലേക്ക് തിരികെ വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് ആദ്യം അപകടമുണ്ടായത്.
കാർ യാത്രികന്റെ കാലിന് പരിക്കുണ്ട്. തമിഴ്നാട് സ്വദേശിയായ മിനിലോറി ഡ്രൈവർ സുഭാഷിനും പരിക്കേറ്റിട്ടുണ്ട്. 15 മിനിറ്റിനുള്ളിൽ തൊട്ടടുത്തായി കാറും ബൈക്കും കൂട്ടിയിടിച്ച് മറ്റൊരു അപകടവുമുണ്ടായി. ആര്യങ്കാവ് സ്വദേശിയായ ബൈക്ക് യാത്രികന് നിസ്സാര പരിക്കേറ്റു.
ഒറ്റക്കൽ ലുക്ക്ഔട്ട് ഭാഗത്തുനിന്ന് ഉറുകുന്നിലേക്കെത്തുന്ന വാഹനങ്ങളാണ് ഇവിടെ ഏറെയും അപകടത്തിൽപ്പെടുന്നത്. ഇറക്കത്ത് മഴയായാൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിക്കുകയോ മൺതിട്ടയിലേക്ക് ഇടിച്ചുകയറുകയോ പതിവാണ്. എന്നാൽ, നിരന്തരം അപകടമുണ്ടാകുമ്പോഴും വാഹനങ്ങളുടെ വേഗം കുറയ്ക്കാനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല.
തെന്മല അഡിഷണൽ എസ്.ഐ. ശശികുമാർ, സി.പി.ഒ.മാരായ രഞ്ജിത്ത്, രാഹുൽ എന്നിവരും പിങ്ക് പട്രോളിങ്, ഹൈവേ പോലീസ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ ഉൾപ്പെടെയുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
0 comments:
Post a Comment