advertise here  Call : 9072780374

വേനലവധിയിലെങ്കിലും വരുമോ എറണാകുളം -വേളാങ്കണ്ണി തീവണ്ടി


 വേനലവധിയിലെങ്കിലും വരുമോ വേളാങ്കണ്ണി തീവണ്ടി

08 April 2022

പുനലൂർ*





വേളാങ്കണ്ണി എക്സ്പ്രസ്‌ മടങ്ങിയെത്തുന്നതു കാത്തിരിക്കുകയാണ് രണ്ടുകൊല്ലത്തോളമായി കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിലെ യാത്രക്കാർ. കോവിഡിനെത്തുടർന്ന് നിർത്തിവെച്ച ഒട്ടുമിക്ക സർവീസുകളും പുനരാരംഭിച്ചിട്ടും വേളാങ്കണ്ണി ഓടിത്തുടങ്ങാത്തതിൽ നിരാശയിലാണവർ.


2019-ലാണ് കൊല്ലം-വേളാങ്കണ്ണി എക്സ്‌പ്രസ് സർവീസ് ആരംഭിച്ചത്. പിന്നീട് എറണാകുളത്തേക്ക് നീട്ടി എറണാകുളം-വേളാങ്കണ്ണി സർവീസാക്കി. സർവീസ് വിജയകരമായി ഒരുവർഷം പൂർത്തിയാക്കുമ്പോഴായിരുന്നു കോവിഡ് ലോക്ഡൗണിന്റെ വരവ്. അതോടെ തീവണ്ടി സർവീസുകൾ നിർത്തി. കോവിഡ് പ്രതിസന്ധി കുറഞ്ഞപ്പോൾ സർവീസുകൾ പുനരാരംഭിച്ചെങ്കിലും വേളാങ്കണ്ണിയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല.


മീറ്റർഗേജ് കാലഘട്ടത്തിൽ കൊല്ലത്തുനിന്ന്‌ നാഗൂറിലേക്ക് സർവീസ് നടത്തിയിരുന്ന എക്സ്പ്രസിനു പകരമായാണ് എറണാകുളം-വേളാങ്കണ്ണി സർവീസ് തുടങ്ങിയത്.


പ്രതിവാര സർവീസായി ഓടിയിരുന്ന കാലത്ത് കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവിടങ്ങളിൽനിന്നു മികച്ചരീതിയിൽ ടിക്കറ്റ് ബുക്കിങ്ങുണ്ടായിരുന്നു. എറണാകുളം, കോട്ടയം ഭാഗങ്ങളിൽനിന്ന്‌ വേളാങ്കണ്ണി, നാഗൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് സർവീസ് അനുഗ്രഹവുമായിരുന്നു.


ആഴ്ചയിൽ രണ്ടുദിവസംവീതം സർവീസ് നടത്താനുള്ള ശുപാർശ റെയിൽവേ ബോർഡിന് നൽകിയിട്ടുണ്ടെന്നും അനുമതിക്കു കാത്തിരിക്കുകയാണെന്നുമാണ് ദക്ഷിണ റെയിൽവേയുടെ പ്രതികരണം. നാഗപട്ടണം-വേളാങ്കണ്ണി പാതയിൽ തടസ്സമുണ്ടെങ്കിൽ നാഗപട്ടണംവരെ സർവീസ് നടത്താവുന്നതാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഗോവയിലെ വാസ്കോഡഗാമ സ്റ്റേഷനിൽനിന്നു വേളാങ്കണ്ണിവരെ സർവീസ് നടത്തിയിരുന്ന തീവണ്ടി ഇപ്പോൾ നാഗപട്ടണംവരെ സർവീസ് നടത്തുന്നുണ്ടെന്നും അത്തരത്തിൽ എറണാകുളം-നാഗപട്ടണം സർവീസ് ആരംഭിക്കാൻ കഴിയുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

Pic : Godwin 

About VOP

0 comments:

Post a Comment

Powered by Blogger.