ആര്യങ്കാവും തെന്മലയും ജലജീവനിൽ*
06 April 2022
*കുടിവെള്ളക്ഷാമം പരിഹരിക്കും*
പുനലൂർ :
വനമേഖലകളായ ആര്യങ്കാവ്, മാമ്പഴത്തറ, തെന്മല, ഉറുകുന്ന് പ്രദേശങ്ങൾ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ജല അതോറിറ്റി അധികൃതർ. കഴിഞ്ഞദിവസം പുനലൂരിൽ ചേർന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് അധികൃതർ ഇക്കാര്യമറിയിച്ചത്.
താലൂക്കിന്റെ മലയോരമേഖലകളിൽ രൂക്ഷമാകുന്ന വന്യമൃഗശല്യം പരിഹരിക്കണമെന്ന് സഭ അധികൃതരോട് നിർദേശിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നും താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കള്ളനോട്ട്, കഞ്ചാവ് വിൽപ്പന എന്നിവ തടയാൻ നടപടിയെടുക്കണമെന്നും സഭ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്നുകച്ചവടം നടത്തുന്നതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡിപ്പോ പരിസരത്ത് നാലു പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കുന്നുണ്ടെന്നും ഇൻസ്പെക്ടർ അറിയിച്ചു.
പുനലൂർ പട്ടണത്തിൽ അനധികൃതമായി ഓട്ടോറിക്ഷാ സ്റ്റാൻഡ് സ്ഥാപിച്ചിരിക്കുന്നതിനാൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എന്നാൽ, നിലവിൽ അംഗീകൃത സ്റ്റാൻഡുകൾ മാത്രമേ പട്ടണത്തിൽ പ്രവർത്തിക്കുന്നുള്ളൂവെന്ന് ഇൻസ്പെക്ടർ പറഞ്ഞു. പുനലൂർ പട്ടണത്തിലെ തകർന്നുകിടക്കുന്ന ഇടറോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ കവാടം പണി പൂർത്തിയാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
0 comments:
Post a Comment