*ഹൃദ്രോഗവിദഗ്ധനെ കാത്ത് പുനലൂർ താലൂക്ക് ആശുപത്രി*
06 April 2022
*തസ്തിക അനുവദിച്ചിട്ട് ഒരുകൊല്ലം*
*പുനലൂർ*
ഹൃദ്രോഗവിഭാഗത്തിൽ ഡോക്ടറെത്തുന്നതും കാത്തിരിക്കുകയാണ് കാലങ്ങളായി പുനലൂർ താലൂക്ക് ആശുപത്രി. പടുകൂറ്റൻ കെട്ടിടമുൾപ്പെടെ അത്യാധുനികസൗകര്യങ്ങൾ സജ്ജമായിട്ടും ഹൃദ്രോഗചികിത്സയ്ക്ക് രോഗികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയെ സമീപിക്കണമെന്നതാണ് സ്ഥിതി.
തസ്തിക അനുവദിച്ച് ഒരുവർഷമായിട്ടും ഡോക്ടറെ നിയമിക്കാൻ നടപടിയായിട്ടില്ല. നിയമന ഉത്തരവുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങളാണ് കാലതാമസത്തിനുപിന്നിൽ. ആശുപത്രിയിൽ ഹൃദ്രോഗവിദഗ്ധനെ നിയമിക്കമണെന്നാവശ്യപ്പെട്ട് 2016-ലാണ് സൂപ്രണ്ട് ആരോഗ്യവകുപ്പിന് കത്തുനൽകിയത്. ഏറെനാളത്തെ ശ്രമത്തിനും കാത്തിരിപ്പിനുമൊടുവിൽ കഴിഞ്ഞവർഷം ഹൃദ്രോഗവിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റ് തസ്തിക അനുവദിച്ച് ഉത്തരവിറങ്ങി. എന്നാൽ താമസിയാതെ ഈ തസ്തിക ഇല്ലാതായി. പകരം കൺസൾട്ടന്റ് തസ്തികയായി. അതോടെ മുമ്പിറങ്ങിയ ഉത്തരവുപ്രകാരം ഡോക്ടറെ നിയമിക്കാൻ കഴിയാതായി.
കൺസൾട്ടന്റ് തസ്തിക അനുവദിച്ച് പുതിയ ഉത്തരവിറങ്ങിയാലേ ഡോക്ടറെ നിയമിക്കാൻ കഴിയൂ. ഈ സാങ്കേതികപ്രശ്നമാണ് നിയമനം വൈകിക്കുന്നത്. ഏതാണ്ട് സമാനമായ അവസ്ഥ ഇവിടെ അനുവദിക്കപ്പെട്ട നെഫ്രോളജി ഡോക്ടർ തസ്തികയിലുമുണ്ട്. വൃക്കസംബന്ധമായ രോഗങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് അതിനും താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമല്ല. ഒ.പി.വിഭാഗത്തിൽ പ്രതിദിനം മൂവായിരത്തോളം രോഗികൾ എത്തുന്ന ഈ ആശുപത്രിയിൽ 20 സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമേ ലഭ്യമാകുന്നുള്ളൂ.
കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ ആരോഗ്യവകുപ്പിനു സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 'കിഫ്ബി' മുഖാന്തരം 69 കോടി രൂപ മുടക്കി പത്തുനിലമന്ദിരവും അത്യാധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടും ഏറ്റവും ആവശ്യമായ ചികിത്സ ലഭിക്കാത്ത സ്ഥിതി ഇവിടെയുണ്ട്.
0 comments:
Post a Comment