advertise here  Call : 9072780374

വിനോദത്തിനൊപ്പം അറിവുകളും : പുനലൂർ കുര്യോട്ടുമല ഫാം ടൂറിസം ഉടൻ യാഥാർഥ്യമാകും


 വിനോദത്തിനൊപ്പം അറിവുകളും : പുനലൂർ കുര്യോട്ടുമല ഫാം ടൂറിസം ഉടൻ യാഥാർഥ്യമാകും

*പുനലൂർ*



കുര്യോട്ടുമല ഹൈടെക് ഡെയറി ഫാമിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. രണ്ടുമാസത്തിനുള്ളിൽ ഫാം ടൂറിസം യാഥാർഥ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. ഫാമിലെത്തുന്നവർക്ക് കുതിരസവാരി നടത്തുന്നതിനായി അഞ്ച് കുതിരകളെ ജയ് പൂരിൽനിന്ന്‌ എത്തിച്ചു. ഇവയ്ക്ക് പരിശീലനം നൽകുന്നതിന്‌ പരിശീലകരും കുതിരകളെ പാർപ്പിക്കുന്നതിനായി ലയങ്ങളും ഒരുങ്ങുന്നു.


ഹൈടെക് ഫാം ടൂറിസം കേന്ദ്രമാക്കി ആൾക്കാരെ ആകർഷിക്കാനുള്ള പദ്ധതികൾ രണ്ടുവർഷമായി ജില്ലാപഞ്ചായത്തിന്റെയും ഫാം അധികൃതരുടെയും നേതൃത്വത്തിൽ നടക്കുന്നു. ഇതിന്റെ ഭാഗമായി എത്തിച്ച അഞ്ച് ഒട്ടകപ്പക്ഷികളും എട്ട് എമുപക്ഷികളും ഫാമിലെത്തുന്നവരുടെ പ്രധാനാകർഷണമാണ്.


അത്യുത്പാദനശേഷിയുള്ള ഒട്ടേറെ പശുക്കൾ, ആട് എന്നിവയ്ക്കുപുറമേ തനത് ഇനങ്ങളായ വെച്ചൂർ പശു, കാസർകോട് പശു ഇനങ്ങളും ഫാമിലുണ്ട്. പിറവന്തൂർ പഞ്ചായത്തിലെ പ്രകൃതിരമണീയമായ 110 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതി പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പാക്കുന്നത്.


*വിനോദത്തിനൊപ്പം അറിവുകളും*


:മൃഗസംരക്ഷണവും കൃഷിയുമായി ബന്ധപ്പെട്ടുള്ള അറിവുകൾ വിനോദത്തിനൊപ്പം പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്നതാണ് ഫാം ടൂറിസത്തിന്റെ ലക്ഷ്യം. കന്നുകാലികളുമായി ഇടപഴകുന്നതോടൊപ്പം പരിചരണവും കാലിവളർത്തലും കൃഷിയും ആദായകരമാക്കാനുള്ള പരിശീലനവും ഇവിടെയുണ്ടാകും.


കുട്ടികൾക്ക് കൃഷി പഠിക്കാം എന്നതിനൊപ്പം കാർഷികമേഖലയിലെ പുത്തനറിവുകൾ പകർന്നു നൽകാൻ വിദഗ്ധരുടെ സേവനവും ലഭ്യമാക്കും. കിഴക്കൻമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം പാക്കേജ് എന്ന നിലയിൽ കുര്യോട്ടുമല ഫാം ടൂറിസത്തിന് പ്രസക്തിയേറുമെന്നാണ് പ്രതീക്ഷ.


*താമസിച്ച് കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യം*


: വിപുലമായ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. കുടുംബമായി താമസിക്കുന്നതിന് ആധുനികസൗകര്യങ്ങളുള്ള അഞ്ച് കുടിലുകളും ഏറുമാടങ്ങളും ഒരുക്കും. ഇവയുടെ നിർമാണം നടക്കുന്നു. ഭക്ഷണവും നൽകും. ഫാമിലെ ജലസ്രോതസ്സുകളും കുളങ്ങളും ഉപയോഗപ്പെടുത്തി വെള്ളച്ചാട്ടങ്ങൾ നിർമിക്കും. ബോട്ടുസവാരിയും കുട്ടവഞ്ചി സവാരിയും ക്രമീകരിക്കും. കുട്ടികളുടെ പാർക്കിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.


വിദൂരകാഴ്ചകൾ ആസ്വദിക്കാൻ സൗകര്യമൊരുക്കും. പാലും പാൽ ഉത്പന്നങ്ങളും ജൈവവളവും മിതമായ നിരക്കിൽ ലഭ്യമാക്കും. വാഹനസൗകര്യവും കന്നുകാലികളുമായി ഇടപഴകാൻ സൗകര്യവുമുണ്ടാകും. പശുക്കളെയും കിടാരികളെയും ആടുകളെയും വിലകൊടുത്തുവാങ്ങാം.


പകൽ മൂന്നുമുതൽ പിറ്റേദിവസം പകൽ 11 വരെ ഫാമിൽ ചെലവഴിക്കാൻ കഴിയുന്ന രീതിയിൽ തുകയടച്ച് പാസ് നൽകിയാണ് പ്രവേശിപ്പിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുള്ള കുട്ടികൾക്ക് ഫാം സന്ദർശിക്കാനും അറിവുകൾ നേടാനും സൗകര്യമേർപ്പെടുത്തും.

About VOP

0 comments:

Post a Comment

Powered by Blogger.