പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി*
17 March 2022
*പുനലൂർ* :
വൈദ്യുതീകരണപ്രവൃത്തികൾ ആരംഭിച്ച പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചീഫ് ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ എൻജിനീയർ (സി.ഇ.ഡി.ഇ.) എ.സുന്ദരേശൻ, പ്രോജക്ട് ഡയറക്ടർ സമീർ ഡിഗേ, സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ ബിച്ചു രമേശ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പുനലൂരിൽനിന്ന് മോട്ടോർ ട്രോളിയിൽ സഞ്ചരിച്ചാണ് സംഘം പാത പരിശോധിച്ചത്. ചൊവ്വാഴ്ച കൊല്ലം-പുനലൂർ പാതയിൽ നടത്തിയ പരിശോധനയുടെ തുടർച്ചയായിരുന്നു ഇത്. പുനലൂർ-ചെങ്കോട്ട പാതയിലെ ചെങ്കോട്ട-ഭഗവതിപുരം സെക്‌ഷനിൽ വൈദ്യുതീകരണപ്രവൃത്തികൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. ഇവിടെ വൈദ്യുത തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. ചെങ്കോട്ടമുതൽ പുനലൂർവരെ മണ്ണുപരിശോധന പൂർത്തിയാക്കി.
പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടതിനാൽ പുനലൂർ-ചെങ്കോട്ട പാതയിൽ വൈദ്യുതീകരണപ്രവൃത്തികൾ വെല്ലുവിളിയാണ്.
കഴിഞ്ഞമാസം നടത്തിയ ലൊക്കേഷൻ സർവേയുടെ ഭാഗമായി തയ്യാറാക്കിയ േഡ്രായിങ് ഇനിയും സമർപ്പിച്ചിട്ടില്ല. ഇതിന് അനുമതി ലഭിക്കുന്ന മുറയ്ക്കുവേണം കൂടുതൽ നിർമാണപ്രവൃത്തികൾ നടത്താൻ. വൈദ്യുതീകരണം അന്തിമഘട്ടത്തിലെത്തിയ കൊല്ലം-പുനലൂർ പാതയ്ക്കുപിന്നാലെ 2023 മാർച്ചിനുള്ളിൽ പുനലൂർ-ചെങ്കോട്ട സെക്‌ഷനിലും വൈദ്യുതീകരണം പൂർത്തിയാക്കേണ്ടതുണ്ട്
0 comments:
Post a Comment