advertise here  Call : 9072780374

കണ്ണീരായി മൊറോക്കൻ ബാലൻ; ഉപയോഗിക്കാത്ത കിണറുകളും കിടങ്ങുകളും നികത്താൻ യുഎഇ


 കണ്ണീരായി മൊറോക്കൻ ബാലൻ; ഉപയോഗിക്കാത്ത കിണറുകളും കിടങ്ങുകളും നികത്താൻ യുഎഇ*ദുബായ് • ഉപയോഗശൂന്യമായിരിക്കുന്ന കിണറുകളും കിടങ്ങുകളും അടിയന്തരമായി നികത്താൻ യുഎഇ നഗരസഭകളുടെ നിർദേശം. മൊറോക്കോയിൽ റയാൻ എന്ന ബാലൻ കുഴൽക്കിണറിൽ വീണു മരിച്ചതു പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണിത്. 32 മീറ്റർ ആഴമുള്ള കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ മൊറോക്കോയിൽ വിഫലമാവുകയിരുന്നു. അഞ്ചു ദിവസത്തിനു ശേഷമാണ് അഞ്ചു വയസുകാരന്റെ മൃതദേഹം പുറത്തെടുക്കാനായത്. കാർഷിക മേഖലയിലുണ്ടായ ദുരന്തം രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി.അപകടം മൊറോക്കയിലായിരുന്നെങ്കിലും അതിന്റെ അലയൊലികൾ അറബ് രാജ്യങ്ങളിൽ മുഴുവനുമുണ്ടായി. റയാന്റെ ദാരുണമായ അന്ത്യം ആവർത്തിക്കാതിരിക്കാൻ വിവിധ രാജ്യങ്ങൾ മുൻകരുതൽ സ്വീകരിക്കുകയാണ്. ആളൊഴിഞ്ഞ ഇടങ്ങളിലെയും കാർഷിക മേഖലകളിലേയും കിടങ്ങുകൾ നികത്താനുള്ള അടിയന്തര നടപടികൾ പല രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. വീടുകളിലെ ഉപയോഗ ശൂന്യമായ കിണറുകളും ഉടമകൾ നികത്തി സുരക്ഷിതമാക്കണം.യുഎഇയിൽ വീടുകളിലും തോട്ടങ്ങളിലുമുള്ള കിണറുകളുടെയും കുഴികളുടെയും കണക്കെടുപ്പ് മുനിസിപ്പാലിറ്റികൾ വൈകാതെ പൂർത്തിയാക്കും. മതിയായ സുരക്ഷാ ഭിത്തികൾ ഇല്ലാതെ കിണറുകൾ കുഴിച്ചിടുന്നതു അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികൾ മാത്രമല്ല മുതിർന്നവരും വയോധികരും തൊഴിലാളികളും ഇത്തരം കിടങ്ങുകളിൽ വീണ സംഭവങ്ങൾ യുഎഇയിലും മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. *അപകടങ്ങളുടെ കണക്കുകൾ ഇങ്ങനെ*2008 മുതൽ സ്ഥലയുടമകളുടെ അശ്രദ്ധമൂലം കിടങ്ങുകളിൽ വീണ പത്ത് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അൽ ഐനിലെ അൽ ഖത്തമിൽ രണ്ട് പാക്കിസ്താനി തൊഴിലാളികൾ മരിച്ചത് കിണർ കുഴിക്കുന്നതിനിടെയാണ്. 2008ലാണ് സംഭവം. ഒൻപത് മീറ്റർ ആഴമെത്തിയപ്പോൾ മണലിടിഞ്ഞ് ഇവർ പൂർണമായും പൂഴിയിൽ മൂടി. ശ്വാസം കിട്ടാതെയാണ് ഇവരുടെ മരണം സംഭവിച്ചത്.2016ൽ അൽ ഐനിൽ മൂന്ന് സ്വദേശി കുട്ടികളാണു കിണറ്റിൽ വീണ് മരിച്ചത്. 2020ൽ റാസൽഖൈമയിൽ വീട്ടിലെ മലിനക്കുഴിയിൽ വീണു മരിച്ചതു ആറു വയസ്സുകാരാനായ സ്വദേശി കുട്ടിയാണ്. അജ്മാനിലെ റോളയിലും സമാന സംഭവമുണ്ടായി. 2018ൽ രണ്ട് തൊഴിലാളികൾ കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപെട്ടത് റാസൽഖൈമയിലാണ്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പൊലീസ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.കഴിഞ്ഞ വർഷം കിണറിടിഞ്ഞു ഫുജൈറയിലെ ഒരു തോട്ടത്തിൽ അറുപതു വയസ്സുകാരനും മരിച്ചിരുന്നു. 2017ൽ ബദിയ യിൽ കിടങ്ങിൽ വീണ എട്ടു വയസ്സുകാരനെ പൊലീസാണ് രക്ഷപ്പെടുത്തിയത്.അജ്മാനിലെ മസ്ഫൂത്തിൽ നൂറ് വർഷത്തിലധികം പഴക്കമുള്ള പുരാതനമായ കിണറിൽ വീണ സ്വദേശി പൗരൻ പൊലീസിൽ വിളിച്ചറിയിച്ച് സ്വയം രക്ഷപ്പെട്ട സംഭവവുമുണ്ട്. 25 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ 34 കാരനെ അബുദാബി പൊലീസ് രക്ഷകരായി. അഞ്ചു മീറ്ററോളം വെള്ളമുള്ളതായിരുന്നു കിണർ. രാത്രി വഴി തെറ്റിയാണ് കിണറ്റിൽ വീണത്. ഇത്തരം അപകടങ്ങൾ തടയാനാണ് അധികൃതരുടെ ഊർജിത ശ്രമം.ഫുജൈറയിൽ കഴിഞ്ഞ വർഷം വീടുകളിലും തോട്ടങ്ങളിലുമുള്ള 42 കിണറുകൾ നികത്തിയതായി പരിസ്ഥിതി കാര്യാലയ മേധാവി അസീല അൽ മുല്ല അറിയിച്ചു. ഏതെങ്കിലും സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കിടങ്ങുകൾ ഉണ്ടെങ്കിൽ സ്ഥലയുടമകൾ അതു നിരപ്പാക്കണം. ഇതു സംബന്ധിച്ച് അധികൃതർക്ക് വിവരം കൈമാറാൻ പൊതു ജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.


(മനോരമ ഓൺലൈൻ)

About VOP

0 comments:

Post a Comment

Powered by Blogger.