വലഞ്ഞ് വന്മള, പത്തുപറ നിവാസികൾ
19Jan2022
*പുനലൂർ* :
പാലംപണി അനിശ്ചിതമായി നീളുന്നതുമൂലം യാത്രാമാർഗമില്ലാതെ ഗ്രാമീണർ. പിറവന്തൂർ പഞ്ചായത്തിലെ പത്തുപറയിലെ പാലത്തിന്റെ നിർമാണമാണ് ഒരുവർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത്. കനത്ത മഴയെത്തുടർന്ന് ആറുമാസത്തിലധികമായി പണി നിലിച്ചിരിക്കുകയാണ്. ചാലിയക്കരയാറിനുകുറുകേ തൂണുകൾ ഉയർത്തിയതോടെ പണി നിലയ്ക്കുകയായിരുന്നു.
പിറവന്തൂർ പഞ്ചായത്തിനെയും പുനലൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. കല്ലടയാറിന്റെ കൈവഴിയായ ചാലിയക്കരയാറിനു കുറുകേ പത്തുപറ ജങ്ഷനിലാണ് പാലം പണിയുന്നത്. പുനലൂർ, പത്തനാപുരം നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്. പൂർണമായും പത്തനാപുരം നിയോജകമണ്ഡലത്തിൽ വരുന്ന പാലം കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന് 85 ലക്ഷംരൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. 36 മീറ്ററാണ് നീളം. വീതി നാലു മീറ്ററും.
കഴിഞ്ഞകൊല്ലം ജനുവരിയോടെയാണ് നിർമാണം ആരംഭിച്ചത്. പാലം പണിക്കുവേണ്ടി ഇവിടെയുണ്ടായിരുന്ന നടപ്പാത പൊളിച്ചതുമൂലം ആറുകടന്ന് വാഹനസൗകര്യമുള്ള സ്ഥലത്തെത്താൻ ബുദ്ധിമുട്ടുകയാണ് പിറവന്തൂർ പഞ്ചായത്തിലെ വന്മള, പത്തുപറ നിവാസികൾ. ഇവർ ആറുകടന്ന് പത്തുപറ ജങ്ഷനിലെത്തിയാണ് പുനലൂരിലേക്ക് വന്നിരുന്നത്.
മഴക്കാലമായി ആറിൽ വെള്ളംപൊങ്ങുകയും ഒഴുക്കു ശക്തമാകുകയും ചെയ്താൽ കുടുംബങ്ങൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയായിരുന്നു മുൻപ്. ഇത് പരിഹരിക്കുന്നതിനായാണ് പാലം നിർമാണം ആരംഭിച്ചത്. വനാതിർത്തിയോടുചേർന്നുള്ള നടപ്പാത പൊളിച്ചാണ് പാലം നിർമാണം ആരംഭിച്ചത്. എന്നാൽ നിർമാണം അനന്തമായി നീളുമ്പോൾ യാത്രാമാർഗമില്ലാതെ വലയുകയാണ് നാട്ടുകാർ. പുനലൂരിലേക്ക് അഞ്ചു കിലോമീറ്ററോളം അധികം ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണിപ്പോൾ. പണി ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും ഇതിനായി തൊഴിലാളികൾ എത്തിക്കഴിഞ്ഞെന്നുമാണ് അധികൃതരുടെ വിശദീകരണം.
0 comments:
Post a Comment