advertise here  Call : 9072780374

പുനലൂർ പേപ്പർമിൽ തടയണയുടെ പുനരുദ്ധാരണം ഇന്നു തുടങ്ങും


 പുനലൂർ പേപ്പർമിൽ തടയണയുടെ പുനരുദ്ധാരണം ഇന്നു തുടങ്ങും*



24Jan2022


   

*പുനലൂർ*:


വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം. കല്ലടയാറ്റിലെ പേപ്പർമിൽ തടയണ പുനരുദ്ധരിക്കുന്ന പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കമാകും. നിർമാണത്തിനായി ആറ്റിൽ വെള്ളമൊഴുക്ക് തടയുന്നതിനുള്ള ബണ്ട് നിർമാണം രാവിലെ എട്ടരയോടെ ആരംഭിക്കും. പി.എസ്.സുപാൽ എം.എൽ.എ.യുടെയും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പ്രവൃത്തി ആരംഭിക്കുന്നത്.


ബണ്ട് നിർമിക്കുന്നതിനായി ആറ്റിലെ നീരൊഴുക്കു തടയുന്നതിനുള്ള മണൽച്ചാക്കുകൾ അടുക്കുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ആദ്യഘട്ടത്തിനായി മണ്ണുനിറച്ച പതിനായിരത്തോളം ചാക്കുകളാണ് വേണ്ടത്. ഇതിൽ ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിലായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. ബണ്ട് പൂർത്തിയാക്കാനായി ഒരാഴ്ചയെടുക്കും. ഇതു പൂർത്തിയായാൽ അടുത്തമാസം പകുതിയോടെ തടയണയുടെ ആദ്യഘട്ട നിർമാണം പൂർത്തിയാകും.



മാർച്ച് 31-നുള്ളിൽ തടയണനവീകരണം പൂർണമായും പൂർത്തിയാക്കുമെന്നും ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.


കല്ലടയാറ്റിലെ ജലനിരപ്പ് സ്ഥായിയായി ഉയർത്തിനിർത്തുന്നതിനായാണ് തടയണയുടെ ഉയരം കൂട്ടുന്നത്. നിലവിൽ 2.90 മീറ്റർ ഉയരമുള്ള തടയണയുടെ മുകളിൽ കോൺക്രീറ്റുചെയ്ത് ഉയരം 75 സെന്റീമീറ്റർകൂടി വർധിപ്പിക്കുന്നതാണ് പ്രവൃത്തി. 70.5 ലക്ഷത്തിന്റെതാണ് അടങ്കൽ.



2019 മാർച്ചിലാണ് അടങ്കൽ തയ്യാറാക്കിയത്. 1888-ൽ, ബ്രിട്ടീഷ് ഭരണകാലത്ത് പുനലൂരിൽ ആരംഭിച്ച പേപ്പർമില്ലിലേക്ക്‌ വേനൽക്കാലത്തും ക്ഷാമമില്ലാതെ വെള്ളമെടുക്കാനാണ് തടയണ നിർമിച്ചത്. 1992-ലെ വെള്ളപ്പൊക്കത്തിൽ തടയണയുടെ മുകളിൽനിന്ന്‌ 60 സെന്റീമീറ്റർ പൊക്കംവരുന്ന രണ്ടുവരി കല്ലുകൾ ഇളകിപ്പോയി. ഇതോടെ തടയണയുടെ സംഭരണശേഷി കുറഞ്ഞു.


2019 ജനുവരിയിൽ തിരുവനന്തപുരം എൽ.ബി.എസ്. എൻജിനീയറിങ് കോളേജിലെ വിദഗ്ധർക്കൊപ്പം ജലസേചനവകുപ്പ് അധികൃതർ സാങ്കേതികപഠനം നടത്തി.


തടയണ പൂർണമായും പൊളിച്ചുപണിയാതെ മുകളിൽ കോൺക്രീറ്റ് ചെയ്ത് 75 സെന്റീമീറ്റർ ഉയരം വർധിപ്പിക്കാൻ തീരുമാനിച്ചു. തടയണനിർമിച്ച് നൂറ്റാണ്ടിനുശേഷം ആദ്യമായാണ് ഇതിൽ കാര്യമായ പുനരുദ്ധാരണം നടത്തുന്നത്.

About VOP

0 comments:

Post a Comment

Powered by Blogger.