advertise here  Call : 9072780374

🅾️വീണ്ടും വരുമോ നിയന്ത്രണങ്ങൾ? വിപണിയിൽ ഭീതി വിതച്ച് 'ഒമൈക്രോൺ


 

🅾️വീണ്ടും വരുമോ നിയന്ത്രണങ്ങൾ? വിപണിയിൽ ഭീതി വിതച്ച് 'ഒമൈക്രോൺ'

ലോക്ക്ഡൗണുകൾ അവസാനിച്ച് സാമ്പത്തിക മേഖല പതുക്കെ കരകയറുന്നതിനിടെയാണ്  വീണ്ടും പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണിയാകുന്നത്

ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ആഗോള സാമ്പത്തിക രംഗം. കൂടുതല്‍ രാജ്യങ്ങളില്‍  വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ ലോകമെങ്ങും ഇന്നലെ ഓഹരി വിപണി ഇടിഞ്ഞിരുന്നു. ഇന്ത്യയടക്കം ലോകരാജ്യങ്ങളെല്ലാം കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. 
ലോക്ക്ഡൗണുകൾ അവസാനിച്ച് സാമ്പത്തിക മേഖല പതുക്കെ കരകയറുന്നതിനിടെയാണ്  വീണ്ടും പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണിയാകുന്നത്. യാത്രാ നിയന്ത്രണങ്ങളും അടച്ചുപൂട്ടലും ഇനിയും വന്നാല്‍ വിവിധ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ഈ ആശങ്കയിലാണ് കേരളമടക്കമുള്ള പ്രദേശങ്ങളെല്ലാം. വീണ്ടുമൊരു ലോക്ക്ഡൗൺ കൂടി വന്നാൽ അതെങ്ങനെ താങ്ങുമെന്നതാണ് ഇപ്പോഴത്തെ വലിയ ആശങ്ക. 
പുതിയ കൊവിഡ് വകഭേദം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മാരകമാണെന്നും വ്യാപനം കൂടിയാല്‍ ലോകമെങ്ങും വലിയ തിരിച്ചടിയുണ്ടാകുമെന്നും ഭീതി പരന്ന സാഹചര്യത്തിലാണ് സാമ്പത്തിക മേഖലയുള്ളത്. അതിവേഗം ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമൈക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമൈക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമൈക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
ഒമൈക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമൈക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോ​ഗത്തിലാണ് ജാ​ഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഒമൈക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിർത്തണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്നലെ ഒമൈക്രോണിന്റെ പ്രഹരശേഷികളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും ഓഹരി വിപണികളിൽ വലിയ ഇടിവാണ് ഉണ്ടായത്. ഇപ്പോൾ ഒമൈക്രോണിന്റെ പ്രഹരം വലുതായിരിക്കുമെന്ന് വ്യക്തമാകുമ്പോൾ വിപണിയിൽ തിങ്കളാഴ്ച അതെങ്ങനെ പ്രതിഫലിക്കുമെന്ന് അറിയേണ്ടതുണ്ട്. ഇന്നലെ ഓഹരി വിപണികള്‍ കൂപ്പുകുത്തിയപ്പോൾ ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ഭീതി അന്താരാഷ്ട്ര വിപണികളെയും പിടിച്ചുകുലുക്കി. അമേരിക്കയില്‍ ഡൗജോണ്‍സ് സൂചിക 900 പോയിന്‍റോളം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്ന് 72 ഡോളറിലെത്തി. പ്രതിസന്ധി കാലത്തെ  സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയതോടെ സ്വർണ വില ഉയർന്നു.
കേരളത്തിലും ജാഗ്രത
വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ (coronavirus variant) 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം വന്നു.  കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (veena george) അറിയിച്ചു. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര മാര്‍ഗ നിർദ്ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയ ര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി അറിയിച്ചു.

About VOP

0 comments:

Post a Comment

Powered by Blogger.