advertise here  Call : 9072780374

കിലോയ്ക്ക് മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ; കോര്‍ഡിസെപ്‌സ് വെറുമൊരു കൂണല്ല, കൂണുകളിലെ പൊന്ന്


 കിലോയ്ക്ക് മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ; കോര്‍ഡിസെപ്‌സ് വെറുമൊരു കൂണല്ല, കൂണുകളിലെ പൊന്ന്

സമുദ്രനിരപ്പില്‍നിന്ന് 3,500 മുതല്‍ 4,000 അടിവരെ ഉയരത്തിലുള്ള ടിബറ്റന്‍ പര്‍വതനിരകളിലും ചൈന, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുമാണ് കോര്‍ഡിസെപ്‌സ് ഫംഗസ് (കൂണ്‍) കണ്ടുവരുന്നത്.


August 17, 2021


കുപ്പിയിൽ വളർന്നുവരുന്ന കോർഡിസെപ്സ് കൂൺ

മൊത്തവിപണിയില്‍ വില കിലോഗ്രാമിന് ഒന്നര ലക്ഷം. ചില്ലറവിപണിയില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ. പ്രകൃതിദത്തമായ ഉത്തേജകൗഷധമായും അന്താരാഷ്ട്രതലത്തില്‍ നിരവധി മരുന്നുകളുടെ ചേരുവകളായും ഉപയോഗിക്കുന്ന മിന്നും താരമാണ് കോര്‍ഡിസെപ്‌സ് കൂണ്‍ (ഫംഗസ്). ഇത് വെറുമൊരു കൂണല്ല, ഹൈടെക് കൃഷിയിലെ പൊന്നാണ്. കോര്‍ഡിസെപ്‌സ് ഫംഗസിന്റെ സംസ്ഥാനത്തെ ആദ്യപരീക്ഷണക്കൃഷിയുടെ വിജയകഥയെഴുതിയത് ഒലവക്കോട് നേതാജി നഗറിലെ രഘു ഒ. നായരുടെ നേതൃത്വത്തിലാണ്.

ചന്ദ്രനഗറില്‍ പ്രത്യേകമായി തയ്യാറാക്കിയ ലാബില്‍ ടിഷ്യുകള്‍ച്ചറിലൂടെ വികസിപ്പിച്ചെടുത്ത കോര്‍ഡിസെപ്‌സ് മെലിട്ടറീസിന്റെ മൂന്നാംഘട്ട വിളവെടുപ്പാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍നിന്ന് 13 കിലോയോളം കോര്‍ഡിസെപ്‌സ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുമായി.

സമുദ്രനിരപ്പില്‍നിന്ന് 3,500 മുതല്‍ 4,000 അടിവരെ ഉയരത്തിലുള്ള ടിബറ്റന്‍ പര്‍വതനിരകളിലും ചൈന, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുമാണ് കോര്‍ഡിസെപ്‌സ് ഫംഗസ് (കൂണ്‍) കണ്ടുവരുന്നത്. നാനൂറോളം വ്യത്യസ്തവിഭാഗങ്ങളില്‍പ്പെട്ട കോര്‍ഡിസെപ്‌സ് കൂണുകളില്‍ രണ്ടെണ്ണം മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. കോര്‍ഡിസെപ്‌സ് സിനെന്‍സിസ്, കോര്‍ഡിസെപ്‌സ് മെലിട്ടറീസ് എന്നിവയാണിവ. ഇതില്‍ കോര്‍ഡിസെപ്‌സ് മെലിട്ടറീസ് കേരളത്തിലെ കാലാവസ്ഥയില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് രഘു ഒ. നായര്‍ പറഞ്ഞു.

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ അടുത്തഘട്ടം ആരംഭിക്കുമെന്നും അഭിഭാഷകന്‍ കൂടിയായ യുവകര്‍ഷകന്‍ വ്യക്തമാക്കി. ഏറെ വൈദഗ്ധ്യവും സൂക്ഷ്മതയും ആവശ്യമുള്ള കോര്‍ഡിസെപ്‌സ് കൃഷിക്ക് പിന്തുണയുമായി കഞ്ചിക്കോട് കൃഷി ഓഫീസ് അധികൃതരും രംഗത്തുണ്ട്.

പാലക്കാട് ചന്ദ്രനഗറിലെ കോർഡിസെപ്സ് ലാബിൽ രഘു ഒ. നായർ

18 മുതല്‍ 23 ഡിഗ്രിവരെ നിയന്ത്രിത ഊഷ്മാവില്‍ ഒരുക്കിയ അണുവിമുക്ത ലാബിലാണ് ഇവ കൃഷിചെയ്തത്. അന്തരീക്ഷ ആര്‍ദ്രതയുടെ തോത് 70 മുതല്‍ 80 ശതമാനം വരെയാണ്. പ്രത്യേക പ്ലാസ്റ്റിക് കുപ്പികളില്‍ കൂണ്‍ വളര്‍ത്തിയെടുക്കുന്നതിന് 60 മുതല്‍ 70 ദിവസം വരെ വേണ്ടിവരും. ഇത്രകാലവും പൂര്‍ണമായും അണുവിമുക്തമാക്കിയാണ് ലാബ് സൂക്ഷിക്കേണ്ടത്.

ബ്രൗണ്‍ അരി മുഖ്യഘടകമായുള്ള പ്രത്യേക മിശ്രിതം തയ്യാറാക്കി ഫംഗസ് വളരുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. ഓക്‌സിജന്‍ ആഗിരണം ചെയ്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന ഫംഗസായതിനാല്‍ കൃത്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള സംവിധാനവും ലാബില്‍ ഒരുക്കിയിട്ടുണ്ട്. ടിഷ്യുകള്‍ച്ചര്‍ രീതിയില്‍ കൂണ്‍ തയ്യാറാക്കുന്നതിനുള്ള ലാബ് ഒരുക്കുന്നതിന് 12 ലക്ഷം രൂപവരെയാണ് ചെലവ്.

2016 മുതല്‍ നടത്തിയ നിരീക്ഷണത്തിനും പരിശീലനത്തിനും ശേഷമാണ് സുഹൃത്ത് ജയകൃഷ്ണനൊപ്പം കൃഷിയാരംഭിച്ചതെന്നും കൃത്യമായ പരിചരണമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചെടുക്കാനാവുമെന്നും രഘു പറയുന്നു.

ഔഷധഗുണം

ഉണക്കിയുപയോഗിക്കുന്ന കോര്‍ഡിസെപ്‌സ് കൂണ്‍ രോഗകാരിയായ മൈക്രോഫ്‌ലോറയുടെ പ്രവര്‍ത്തനത്തെ സാധാരണ നിലയിലാക്കുന്നതിനാല്‍ യുവത്വം വീണ്ടെടുക്കുന്നതിനുള്ള ചികിത്സകളിലും സിദ്ധൗഷധമാണിത്. വിദേശരാജ്യങ്ങളില്‍ കായികതാരങ്ങളും പ്രകടനമികവ് വര്‍ധിപ്പിക്കുന്നതിന് കോര്‍ഡിസെപ്‌സ് ഉപയോഗിച്ചുവരുന്നുണ്ട്.

About VOP

0 comments:

Post a Comment

Powered by Blogger.