advertise here  Call : 9072780374

_മറി ബർഡ് ലാൻഡ് "കൊടും ചൂട് ഒളിപ്പിച്ച അന്‍റാർട്ടിക്കയിലെ രഹസ്യ കേന്ദ്രം


 മറി ബർഡ് ലാൻഡ് "കൊടും ചൂട് ഒളിപ്പിച്ച അന്‍റാർട്ടിക്കയിലെ രഹസ്യ കേന്ദ്രം_* "


🔖🔖📌📌🔖🔖

.

പസഫിക് സമുദ്രത്തിനു തെക്കായിട്ടാണ്, അന്‍റാർട്ടിക്കയിലെ മഞ്ഞുരുകലിനെപ്പറ്റി പഠിക്കുന്ന ഗവേഷകർക്ക് ഏറെ പ്രിയപ്പെട്ട, പടിഞ്ഞാറൻ അന്‍റാർട്ടിക്കയിലെ ഏറെ പേരുകേട്ട മറി ബർഡ് ലാൻഡിന്‍റെ സ്ഥാനം. മറി ബർഡ് ലാൻഡിൽ സംഭവിക്കുന്ന അസാധാരണമായ മഞ്ഞുരുകലും, മഞ്ഞുപാളികളുടെ തകർച്ചയുമെല്ലാം എന്തുകൊണ്ടാണെന്ന് ഇത്ര കാലമായിട്ടും ആർക്കും കണ്ടെത്താനായിട്ടില്ല. ഭൂമിയ്ക്കടിയിൽ നിന്നുള്ള ചൂട് ഒരു പ്രത്യേക കേന്ദ്രത്തിലൂടെ പുറത്തേക്ക് എത്തുന്നതാണ് ഈ അസാധാരണ മഞ്ഞുരുകലിന്‍റെ കാരണമെന്ന് ഒടുവില്‍ നാസ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിരിക്കുന്നു.

അമേരിക്കയിലെ പ്രസിദ്ധമായ യെലോസ്റ്റോൺ അഗ്നിപർവ്വതത്തിൽ നിന്നും ഉയരുന്ന ചൂടിന്‍റെ തൊട്ടടുത്തുവരെ എത്തും ഇത്തരത്തിൽ പുറന്തള്ളപ്പെടുന്ന ചൂടിന്‍റെ അളവ്. ചുട്ടുപഴുത്ത പാറയിൽ നിന്നുള്ള ചൂട് തൊട്ടുമുകളിലുള്ള മഞ്ഞുപാളികളെ ഉരുക്കി വമ്പൻ തടാകങ്ങൾക്കും, നദികൾക്കുമെല്ലാം രൂപം നൽകുന്നതാണ് ഈ മേഖലയുടെ അസ്ഥിരതയ്ക്ക് കാരണമാകുന്നത്. ഹിമയുഗാവസാനം, 11000 വർഷങ്ങൾക്കു മുമ്പ് മറി ബർഡ് ലാൻഡ് മറ്റിടങ്ങളേക്കാൾ വേഗത്തില്‍ തകരാനും ഈ ജിയോതെർമൽ ഹീറ്റാണു കാരണമായത് എന്ന് ഗവേഷകർ പറയുന്നു.

ഭൂമിയുടെ ഉൾപാളിയായ മാന്‍റിലിൽ നിന്നുള്ള ചൂട് പുറത്തേക്കു പ്രവഹിച്ച് പുറംപാളിയായ ക്രസ്റ്റിലേക്ക് എത്തുന്നതാണ് അഗ്നിപർവ്വത സ്ഫോടന സമയത്ത് പാറ പഴുത്തുതിളച്ച് മാഗ്മയായി പുറത്തേക്കൊഴുകാന്‍ കാരണമാകുന്നത്. ക്രസ്റ്റിൽ ഇത്തരത്തിൽ കൊടുംചൂട് അനുഭവപ്പെടുന്ന ഇടങ്ങൾക്കു തൊട്ടുമുകളിലുള്ള സ്ഥലങ്ങളെ ഹോട്സ്പോട്ട് എന്നാണു പറയുന്നത്. മറി ബർഡ് ലാൻഡിനു താഴെ ഇത്തരത്തിൽ കൊടുംചൂട് പുറപ്പെടുവിക്കുന്ന എന്തോ ഉണ്ടെന്ന് കഴിഞ്ഞ 30 വർഷമായി ഗവേഷകർ വിശ്വസിക്കുന്നു. ഇതിന് ഉപോദ്ബലകമായ തെളിവുകളാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇപ്പോള്‍ തയാറാക്കിയത്. മറി ബർഡ് ലാൻഡിൽ നടക്കുന്ന തരം മഞ്ഞുരുകൽ സാധ്യമാകണമെങ്കിൽ എത്രമാത്രം ചൂട് താഴെ ഉണ്ടായിരിക്കണം എന്നാണ് ഗവേഷകർ പരിശോധിച്ചത്.

മഞ്ഞുപാളികൾക്കു താഴെ രൂപംകൊണ്ടിട്ടുള്ള നദികളേയും സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്തതോടെ മഞ്ഞുരുകി ഭൂഗർഭ നദികൾ നിറയുന്നതിന് അനുസരിച്ചാണ് ഉപരിതലത്തിൽ വൻതോതിൽ മഞ്ഞുപാളികൾ തകരുന്നതെന്ന് കണ്ടെത്തി. യെലോസ്റ്റോണിലെ ഭൂഗർഭ അവസ്ഥകളാണ് ഇക്കാര്യത്തിൽ മാതൃകയായി ഗവേഷകർ ഉപയോഗപ്പെടുത്തിയത്. ഏതെല്ലാം പ്രകൃതിദത്ത ഉറവിടങ്ങളാണ് ഭൂമിക്കടിയിൽ താപം ഉത്പാദിപ്പിക്കാൻ സാധ്യതയുള്ളതെന്നും പരിശോധിച്ചു. വിവിധ ശാസ്ത്രീയ മാതൃകകൾ ഉപയോഗിച്ചുള്ള വിശകലനത്തിന്‍റെ അടിസ്ഥാനത്തിലാണ് ചൂടിന്‍റെ ഉറവിടത്തെ തിരിച്ചറിഞ്ഞത്.

മേഖലയിൽ ഒരു പ്രത്യേക ഭാഗത്ത് ക്രസ്റ്റിൽ ഉണ്ടായിരിക്കുന്ന വിള്ളൽ വൻതോതിൽ ചൂടിനെ പുറന്തള്ളുന്നതായും കണ്ടെത്തി. 50-100 മില്യൺ വർഷങ്ങൾക്കു മുമ്പാണ് മറി ബർഡ് ലാൻഡിൽ ഇത്തരത്തിൽ ചൂടിന്‍റെ കേന്ദ്രം രൂപം കൊള്ളുന്നത്. പിന്നെയും വർഷങ്ങള്‍ ഏറെ കഴിഞ്ഞാണ് ഇവിടം മഞ്ഞുമൂടുന്നത്. അന്‍റാർട്ടിക്കയിലെ പ്രാദേശിക പരിസ്ഥിതിയെ സ്വാധീനിക്കാൻ തക്കവിധം ശക്തമാണ് ഇപ്പോള്‍ ഈ ചൂട്. എന്തായാലും ഉറവിടം കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്തു ഭാവിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിക്കാന്‍ ഒരുങ്ങുകയാണ് നാസയും, കാലാവസ്ഥാ ഗവേഷകരും.


🔛🔴🟢🔵🟡🔛

About VOP

0 comments:

Post a Comment

Powered by Blogger.