റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാരിയെ ആക്രമിച്ച് മാല കവര്‍ന്നു; പാളത്തിലേക്ക് തള്ളിയിട്ടു
August 19, 2021
പോത്തന്‍കോട്: മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച് മാല കവര്‍ന്നു. റെയില്‍വേ പോയിന്റ് വുമണ്‍ വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ രാജ് നിവാസില്‍ ജലജകുമാരി (45)ക്കുനേരേയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആക്രമണമുണ്ടായത്. പാളത്തില്‍ വീണ ജലജകുമാരിയുടെ കൈയ്ക്ക് ഒടിവുണ്ട്. വെട്ടേറ്റ മുറിവുമുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്ന ഗുരുവായൂര്‍ എക്സ്പ്രസിന് ഫ്‌ളാഗ് കാണിക്കുന്നതിനിടെയായിരുന്നു അക്രമം. പിന്നിലൂടെയെത്തിയ അക്രമി ജലജകുമാരിക്കുനേരെ വെട്ടുകത്തി വീശുകയായിരുന്നു.
മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ജലജകുമാരിയെ അക്രമി പ്ലാറ്റ്ഫോമില്‍നിന്നും പാളത്തിലേക്ക് തള്ളിയിട്ടു. മാലയുടെ ഒരുഭാഗം കൊണ്ടാണ് മോഷ്ടാവ് കടന്നത്.
ട്രെയിന്‍ കടന്നുപോകുന്ന സമയത്തായതിനാല്‍ എതിര്‍വശത്തുനിന്ന സ്റ്റേഷന്‍മാസ്റ്ററും സംഭവം കണ്ടില്ല. മുന്‍പും ഇവിടെ സമൂഹവിരുദ്ധരുടെ ശല്യമുണ്ടായതിനാല്‍ സി.സി.ടി.വി. സ്ഥാപിച്ചിരുന്നു. ജലജകുമാരി പേട്ട റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗലപുരം പോലീസും ആര്‍.പി.എഫും കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.
0 comments:
Post a Comment