advertise here  Call : 9072780374

നയതന്ത്ര സ്വർണക്കടത്ത് ; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ

നയതന്ത്ര സ്വർണക്കടത്ത് ; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ*


August 12, 2021


കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജുഡീഷ്യൽ കമ്മിഷന്റെ സമാന്തര അന്വേഷണം നയതന്ത്രചാനലിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ തകിടം മറിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ആത്യന്തികമായി അത് സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായിരിക്കും സഹായമാവുകയെന്നും കോടതി പറഞ്ഞു.

ഇ.ഡി.യുടെ കൊച്ചി സോണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഹർജി ഫയലിൽ സ്വീകരിച്ചു. എന്നാൽ എതിർകക്ഷികളായി ചേർത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ജുഡീഷ്യൽ കമ്മിഷൻ എന്നിവർക്ക് നോട്ടീസ് നൽകുന്നത് കോടതി ഒഴിവാക്കി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുപറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടത് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണെന്നും ഹൈക്കോടതി വിലയിരുത്തി.

ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തത് സർക്കാരിന് മറ്റൊരു തിരിച്ചടിയായി. നിയമപരമായ അസ്തിത്വമില്ലാത്ത ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർക്ക് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്ത് ഹർജി ഫയൽ ചെയ്യാനാകില്ലെന്ന സംസ്ഥാന സർക്കാർ വാദം കോടതി തള്ളി. എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് നിയമപരമായ ബോഡിയാണെന്ന് വിലയിരുത്തിക്കൊണ്ടാണിത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണ് ഇ.ഡി.എന്ന വാദം നിലനിൽക്കില്ല. ഇക്കാര്യം സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ടിഫിക്കേഷൻ പ്രകാരം ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നിയമപരമായ അതോറിറ്റിയാണെന്ന് വ്യക്തമാണ്. പി.എം.എൽ.എ. ആക്ട് പ്രകാരവും ഡെപ്യൂട്ടി ഡയറക്ടർ നിയമപരമായ അതോറിറ്റിയാണ്- കോടതി പറഞ്ഞു.

ജുഡീഷ്യൽ കമ്മിഷൻ വന്നത് ഇങ്ങനെ

: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് മുഖ്യപ്രതികളായ സ്വപ്നാ സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് കേന്ദ്ര ഏജൻസികൾ 2020 ജൂലായ് മുതൽ കേരളത്തിൽ നടത്തുന്ന അന്വേഷണം വഴിമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെ ഏകാംഗ കമ്മിഷനായി നിയോഗിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. മേയ് ഏഴിലെ ഈ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഇതിൽ തീരുമാനമാകുന്നതുവരെ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഇടക്കാല ആവശ്യം.

About VOP

0 comments:

Post a Comment

Powered by Blogger.