advertise here  Call : 9072780374

അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കും; വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം

 

അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കും; വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം


August 18, 2021


അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള അഫ്ഗാന്‍ സാഹചര്യം യുഎന്നുമായി ഇന്ത്യ ചര്‍ച്ച ചെയ്തു. എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള നടപടികളുടെ പുരോഗതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ സമിതി അവലോകനം ചെയ്തു. കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുമായി ഇന്നുമെത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്നലെ നാല് മണിക്കൂറോളമാണ് നീണ്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ സ്ഥാനപതിയെ യോഗത്തിലേക്ക് ക്ഷണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ വിമാനങ്ങള്‍ തയാറാക്കി നിര്‍ത്താന്‍ യോഗത്തില്‍ പ്രതിരോധമന്ത്രിക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഉചിത സമയത്ത് ഇന്ത്യക്കാരെ തിരികെയെത്തിച്ച് ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കണം. ഏറ്റവും മികച്ച രീതിയിലാണ് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടികളെന്ന് യോഗം വിലയിരുത്തി.

അഫ്ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്ഥരെ സമീപിക്കുകയോ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ സെക്രട്ടറി ജനറലിനെ കണ്ട് വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ വിഷയംചര്‍ച്ച ചെയ്യുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്കുണ്ടായ വീഴ്ച അദ്ദേഹം സെക്രട്ടറി ജനറലിനെ അറിയിച്ചെന്നാണ് അനൗദ്യോഗിക വിവരം. താലിബാന്‍ സര്‍ക്കാരിനോട് സ്വീകരിക്കേണ്ട നിലപാടെന്തെന്ന് തീരുമാനിക്കാന്‍ ഇന്ത്യ സൗഹൃദരാജ്യങ്ങളുമായി ആശയവിനിമയവും ആരംഭിച്ചു. ഈ ചര്‍ച്ചകളിലുണ്ടാകുന്ന അഭിപ്രായം കൂടി കണക്കിലെടുത്താകും ഇന്ത്യ താലിബാന്‍ സര്‍ക്കാരിനോടുള്ള നയം തീരുമാനിക്കുക.

About VOP

0 comments:

Post a Comment

Powered by Blogger.