വെറും താറാവുകളല്ല, ലക്ഷങ്ങൾ വിലമതിക്കുന്ന തൂവലിന്റെ ഉടമകൾ; വിപണിയിൽ വില 3.71 ലക്ഷം!*
മനോരമ ഓൺലൈൻ
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫൈബർ എന്നു കേൾക്കുമ്പോൾ എന്താവും മനസ്സിലേക്ക് ഓടിയെത്തുക? മറ്റെന്തുതന്നെയായാലും അത് ഒരു താറാവാകില്ലെന്ന് ഉറപ്പാണ്. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല . ഐസ്‌ലൻഡിലെ താറാവുകളുടെ ശരീരത്തിലാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രകൃതിദത്ത ഫൈബറുള്ളത്.
ഈഡർ പോളാർ ഡക്കുകളാണ് ഈ അപൂർവ സ്വത്തിന്റെ ഉടമകൾ. ഇവയുടെ തൂവലുകളിലുള്ളത് ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള പ്രകൃതിദത്ത ഫൈബറുകളാണ്. വൻകിട ബ്രാൻഡുകളിൽ പലതും ആഡംബര വസ്തുക്കൾ നിർമിക്കാനായി ഇവയുടെ തൂവലുകളിൽ നിന്നുമുള്ള ഫൈബറുകൾ ഉപയോഗിച്ചുവരുന്നു. ഭാരം തീരെ കുറഞ്ഞ തൂവലുകളാണ് ഈഡർ പോളാർ ഡക്കുകൾക്കുള്ളത്.
താറാവുകൾ അടയിരിക്കുന്ന കാലത്ത് അവയുടെ തൂവലുകൾ ഫൈബർ വേർതിരിച്ചെടുക്കാനുള്ള കൃത്യമായ പാകത്തിലെത്തും. ഇവയുടെ കഴുത്തിനോടു ചേർന്ന ഭാഗത്തെ തൂവലുകളാണ് ഫൈബറിനായി ശേഖരിക്കുന്നത്. ബേ ഓഫ് വെസ്റ്റ് ദ്വീപിൽ ധാരാളമായി കാണപ്പെടുന്ന ഈഡർ പോളാർ ഡക്കുകളിൽ നിന്നും പ്രധാനമായും വേനൽക്കാലത്താണ് ഇത്തരത്തിൽ തൂവലുകൾ ശേഖരിക്കപ്പെടുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു താറാവിൽ നിന്നും വളരെ ചുരുങ്ങിയ അളവിൽ മാത്രമേ ഫൈബറുകൾ ലഭിക്കു. കിട്ടാക്കനിയായതുമൂലം അവയ്ക്ക് വിപണിയിൽ വൻ ഡിമാൻഡുമാണ്. താറാവുകളിൽ നിന്ന് ശേഖരിക്കുന്ന 800 ഗ്രാം ഫൈബറിന് രാജ്യാന്തര വിപണിയിൽ 3.71 ലക്ഷം രൂപ വരെ വില മതിപ്പുണ്ട്. അതിനാൽ ദ്വീപിലെ പ്രദേശവാസികളിൽ പലരും ഇവയുടെ തൂവൽ ശേഖരണം ഒരു തൊഴിലായി തന്നെ കൊണ്ടു നടക്കുന്നു.
വർഷത്തിൽ മൂന്നു തവണ മാത്രമാണ് താറാവുകളിൽ നിന്നും തൂവലുകൾ ശേഖരിക്കപ്പെടുന്നത്. ഇവ അടയിരിക്കുന്ന കൂടുകളിലെ തൂവലുകളെല്ലാം പെറുക്കി കൂട്ടുകയാണ് പതിവ്. ചുരുങ്ങിയത് 60 താറാവുകളെയെങ്കിലും കണ്ടെത്താനായാലേ ഒരു കിലോഗ്രാം തൂവൽ ലഭിക്കൂ എന്ന് പ്രദേശവാസികൾ പറയുന്നു. വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കാനായി തൂവലിൽ നിന്നുള്ള ഫൈബർ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് താറാവുകളെ ഒരുതരത്തിലും ഉപദ്രവിച്ചു കൊണ്ടല്ല എന്നതാണ് പ്രധാനം.
0 comments:
Post a Comment