ഡൽഹി എയിംസിൽ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു; രാജ്യത്ത് H5N1 മനുഷ്യരെ ബാധിക്കുന്നത് ആദ്യം
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്
July 21, 2021
ഒറ്റനോട്ടത്തിൽ
രാജ്യത്ത് ആദ്യമായാണ് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണ്
ന്യൂഡൽഹി: ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പക്ഷിപ്പനി ബാധിച്ച് മരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ1 സ്ഥിരീകരിക്കുന്നത്.
രാജ്യത്ത് ഈ വർഷത്തെ ആദ്യ പക്ഷിപ്പനി മരണമാണിത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഹരിയാന സ്വദേശിയായ ആശുപത്രി ജോലിക്കാരനോട് നിരീക്ഷണത്തിൽ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു സംഘം ഹരിയാനയിലേക്ക് തിരിച്ചു.
ഈ വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് പക്ഷികൾ പക്ഷിപ്പനി വന്ന് ചത്തിരുന്നു. എന്നാൽ മനുഷ്യനെ സാരമായി ബാധിക്കാത്ത എച്ച് 5 എൻ 8 വൈറസ് സാന്നിധ്യമായിരുന്നു അന്ന് സ്ഥിരീകരിച്ചത്.
പക്ഷികളിൽ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് പക്ഷിപ്പനി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
0 comments:
Post a Comment