പോലീസ് ആകണമെന്ന അഭിജിത്തിന്റെ ആഗ്രഹത്തിനൊപ്പം ചേർന്ന് കേരളാ പോലീസ് . മീൻ വിൽപ്പനയിൽ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരൻ അഭിജിത്തിന്റെ പോലീസ് മോഹം മാധ്യമങ്ങൾ വഴി അടുത്തദിവസങ്ങളിലാണ് നാടറിഞ്ഞത് . പോലീസിൽ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു.
തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത് . ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ് . പുലർച്ചെ നാലുമണിക്ക് മീൻ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത് . വിഴിഞ്ഞത്ത് നിന്ന് മീൻ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാൽ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളിൽ വീട്ടിൽ നിന്ന് പുറപ്പെടും . വീടുകളിൽ മീൻ ആവശ്യമുണ്ടോ എന്ന് തിരക്കും . മീൻകുട്ട സൈക്കിളിന് പുറകിൽ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേയ്ക്ക് . കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ പഠനം . രാത്രിയിൽ ഓൺലൈൻ ക്ലാസ് . ഇതാണ് അഭിജിത്തിന്റെ ദിനചര്യ.
നന്നായി പഠിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനാകാൻ അഭിജിത്തിനെ ഉപദേശിച്ച സംസ്ഥാന പോലീസ് മേധാവി കുട്ടിക്ക് പോലീസിന്റെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു . പോലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പോലീസ് ആസ്ഥാനത്തെത്തിയത്.
#keralapolice
0 comments:
Post a Comment