ലോകത്തെ നീളംകൂടിയ കുതിര ഓർമയായി
*2010ൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ബിഗ് ജെയ്ക്കിന് ആറടി പത്തിഞ്ചായിരുന്നു ഉയരം. 1,136 കി.ഗ്രാം ഭാരവുമുണ്ടായിരുന്നു*
മീഡിയ വൺ
ലോകത്തെ ഏറ്റവും വലിയ കുതിര ഓർമയായി. അമേരിക്കയിലെ വിസ്‌കോൺസിനിലുണ്ടായിരുന്ന ലോകത്തെ ഏറ്റവും നീളംകൂടിയ കുതിര ബിഗ് ജെയ്ക്ക് ആണ് 20-ാം വയസിൽ വിടപറഞ്ഞത്.
അമേരിക്കയിലെ വിസ്‌കോൺസിൻ ഗ്രാമമായ പോയ്‌നെറ്റ് സ്വദേശിയായ ജെറി ഗിൽബർട്ട് ആയിരുന്നു ബെൽജിയൻ കുതിരയുടെ ഉടമസ്ഥൻ. ഗിൽബർട്ടിന്റെ സ്‌മോക്കി ഹോളോ ഫാമിലായിരുന്നു ഇത്രയും നാൾ കുതിര കഴിഞ്ഞിരുന്നത്.
ആറടി പത്തിഞ്ചായിരുന്നു ബിഗ് ജെയ്ക്കിന്റെ ഉയരം. ഏകദേശം 2.1 മീറ്റർ വരുമിത്. 2,500 പൗണ്ട്(1,136 കി.ഗ്രാം) ഭാരവുമുണ്ടായിരുന്നു. 2010ലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിക്കുന്നത്. യുഎസ് സംസ്ഥാനമായ നെബ്രാസ്‌ക്കയിൽ ജെയ്ക്ക് ജനിക്കുമ്പോൾ 109 കി.ഗ്രാമായിരുന്നു ഭാരം. ജനനസമയത്ത് സാധാരണ ബെൽജിയൻ കുതിരകൾക്കുണ്ടാകാറുള്ളതിനെക്കാൾ 45 കി.ഗ്രാം ഭാരവ്യത്യാസമുണ്ടായിരുന്നു ജെയ്ക്കിന്.
രണ്ട് ആഴ്ചമുൻപ് തന്നെ മരണം സംഭവിച്ചിരുന്നെങ്കിലും ഇന്നലെയാണ് വിവരം പുറത്തെത്തുന്നത്. എന്നാണ് കുതിരയുടെ മരണം സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ഗിൽബർട്ടിന്റെ ഭാര്യ വലീഷ്യ ഗിൽബർട്ട് വിസമ്മതിച്ചു. ജെയ്ക്കിന്റെ മരണം തങ്ങളുടെ കുടുംബത്തിന് വലിയൊരു ആഘാതമായിരിക്കുകയാണെന്നും അതിനാൽ അവനെ ഒരു തിയതിയുടെ പേരിൽ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇതിനുകാരണമായി വലീഷ്യ പറഞ്ഞത്.
ജെയ്ക്കിന്റെ ഓർമ നിലനിർത്താനായി കുതിരാലയം അങ്ങനെ തന്നെ നിലനിർത്തുമെന്നാണ് ജെറി ഗിൽബർട്ട് അറിയിച്ചിരിക്കുന്നത്. ചുറ്റും ഇഷ്ടികകൊണ്ട് പടുത്തുയർത്തി ജെയ്ക്കിന്റെ ചിത്രവും പേരും അതിൽ പതിക്കുമെന്നും അദ്ദേഹം അറിയിച്ചു.
0 comments:
Post a Comment