കിണറ്റിൽ വീണ എട്ടുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് വന്‍ ദുരന്തത്തി
BY NEWZKAIRALI
കിണറ്റിൽ വീണ എട്ടുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് വൻ ദുരന്തത്തിൽ. കുഞ്ഞിനു പിറകെ കിണറ്റിൽ വീണത് 40 ഓളം പേർ.മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ഗ്രാമീണരാണ് 40 അടി താഴ്ചയുള്ള കിണറിൽ വീണത്.
അപകടത്തിൽപെട്ട 23 പേരെ രക്ഷിച്ചിട്ടുണ്ട്. വിദിഷയിൽനിന്ന് 50 കി.മീറ്റർ ദൂരത്തുള്ള ഗഞ്ച് ബസോഡയിലാണ് രക്ഷാപ്രവർത്തനം വലിയ ദുരന്തത്തിലേക്ക് വഴിവച്ചത്. കുട്ടിയെ രക്ഷിക്കാൻ ആളുകൾ കിണറിന്റെ ആൾമറയ്ക്കുചുറ്റും തടിച്ചുകൂടിയതാണ് അപകടം വിളിച്ചുവരുത്തിയത്.ആളുകളുടെ ഭാരം താങ്ങാനാകാതെ ആൾമറ തകർന്നുവീഴുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പെൺകുട്ടി കിണറ്റിൽ വീണത്. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. എന്നാൽ, ആളുകള്‍ കൂടിയതോടെ ഭാരം താങ്ങാനാകാതെ കിണറിന്റെ ആൾമറ തകർന്നുവീണു. പിറകെ ചുറ്റുമുണ്ടായിരുന്നവരും കിണറിൽ പതിക്കുകയായിരുന്നുവെന്ന് ഭോപ്പാൽ അഡീഷണൽ ഡിജിപി സായ് മനോഹർ പറഞ്ഞു.
മധ്യപ്രദേശ് ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയും നാട്ടുകാരനുമായ വിശ്വാസ് കൈലാഷ് സാരങ്ങിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിണറിൽ നിന്ന് രക്ഷിച്ച 13 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചതായി മന്ത്രി അറിയിച്ചു. എന്നാൽ, ആദ്യം അപകടത്തിൽപ്പെട്ട കുട്ടിയെക്കുറിച്ചും രക്ഷിക്കാൻ ബാക്കിയുള്ളവരെക്കുറിച്ചും വിവരമില്ല.
പലരും ആൾമറയുടെ അവശിഷ്ടത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
0 comments:
Post a Comment