*സൗജന്യ യാത്ര ആര്‍ക്കൊക്കെ: മറുപടി നല്‍കി എയര്‍ ഇന്ത്യ*
മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തികസ്ഥിതി മോശമാണെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന രീതി എയർ ഇന്ത്യ തുടരുന്നുണ്ട്. ഭാരത് രത്നാ ജേതാക്കൾ, ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് ഹോൾഡർമാർ(ഇന്ത്യയുടെ ഭരണഘട നിർമാണസഭയിലെ അംഗങ്ങൾ), ആന്തമാൻ സ്വാതന്ത്ര്യ സമര സേനാനികൾ- അവരുടെ വിധവകൾ എന്നിവർക്കാണ് എയർ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതായി വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ പറയുന്നത്.
സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികത്തിലാണ് അന്ന് ഇന്ത്യൻ എയർലൈൻസ് ആയിരുന്ന എയർ ഇന്ത്യ, ഭരണഘടനാ നിർമാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്ക് ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് നൽകാൻ തീരുമാനിക്കുന്നത്. ആന്തമാൻ സ്വാതന്ത്ര്യ സമരസേനാനികൾ-അവരുടെ വിധവകൾ എന്നിവർക്ക് വർഷത്തിലൊരിക്കലാണ് സൗജന്യയാത്രയ്ക്കുള്ള അവസരം നൽകുന്നത്.
2007-ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതിന് പിന്നാലെ ഒരിക്കൽപ്പോലും എയർ ഇന്ത്യ ലാഭം നേടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മാത്രം പതിനായിരം കോടിയുടെ നഷ്ടത്തിലായിരുന്നു കമ്പനി. അറുപതിനായിരം കോടി രൂപയിലധികം കടമുണ്ട് എയർ ഇന്ത്യക്ക് ഇപ്പോൾ.
0 comments:
Post a Comment