*ഒറ്റ ഡോസിൽ അദ്ഭുതഫലം; വരുന്നു സ്‌പുട്‌നിക് ‘ലൈറ്റും’ വേദനിപ്പിക്കാതെ സൈകോവ് ഡിയും*
വാക്സീനെന്നു കേട്ടാൽ പെട്ടെന്നു മനസ്സിവേക്കു വരിക കുത്തിവയ്പിന്റെ വേദനയാണ്. സത്യത്തിൽ എല്ലാ വാക്സീനുകളും കുത്തിവയ്ക്കേണ്ടതല്ല. ഉദാഹരണം പോളിയോ വാക്സീൻ. അതു തുള്ളിമരുന്നായാണ് നൽകുന്നത്. എന്നാൽ, കോവിഡിന്റെ കാര്യത്തിൽ തുടക്കത്തിൽ ലഭ്യമായ 8 വാക്സീനുകളും കുത്തിവയ്ക്കുന്നതാണ്. ൈകകളിലെ പേശിഭാഗം, തൊലിക്കടിയിൽ ഇങ്ങനെ കുത്തിവയ്പിന്റെ രീതിയിൽ മാത്രമാണ് മാറ്റം. എന്നാൽ, ചില വ്യത്യസ്ത വാക്സീൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഈ വർഷം തന്നെ ഇന്ത്യയിൽ ലഭ്യമാകാൻ ഇടയുള്ള ആ വ്യത്യസ്ത വാക്സീൻ പരീക്ഷണങ്ങളെക്കുറിച്ചറിയാം.
1) വേദനിക്കാത്ത ‘സൈകോവ് ഡി’
ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില ഓഗസ്റ്റ്–സെപ്റ്റംബർ മാസത്തിലായി വാക്സീൻ പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. അടിയന്തരാനുമതിക്കായി അപേക്ഷ നൽകിയ ഇവരുടെ സൈകോവ്–ഡി വാക്സീൻ കുത്തിവയ്ക്കാതെ നൽകുന്ന ‘നീഡിൽ ഫ്രീ’ വാക്സീനാണ്. ഇതിനായി ‘ഫാർമജെറ്റ്’ എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. സിറിഞ്ച് രീതിയിലുള്ള ഇഞ്ചക്ടിങ് ഗണ്ണാണിത്. തൊലിയ്ക്കടിയിൽ നൽകുന്ന സൈകോവ് ഡി വാക്സീൻ നിറച്ചു സാധാരണ കുത്തിവയ്ക്കുംപോലെ അമർത്തും. ഇതിൽ സൂചിയുണ്ടാകില്ല. പകരം, ഉയർന്ന സമ്മർദത്തിൽ വാക്സീൻ ഉള്ളിലേക്ക് എത്താനുള്ള സാങ്കേതിക വിദ്യയുണ്ടാകും.
കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാർശ്വഫലങ്ങളും കുറയുമെന്നതും ഉപയോഗിച്ചു തുടങ്ങിയാൽ എളുപ്പമാണെന്നതും പ്രത്യേകതകളാണ്. എന്നാൽ, ഈ ഉപകരണത്തിന്റെ ലഭ്യത തുടക്കത്തിൽ പ്രശ്നമായേക്കാമെന്നു കരുതപ്പെടുന്നു. ഇടക്കാല ട്രയൽ റിപ്പോർട്ടിൽ 66.6% ഫലപ്രാപ്തിയാണു വാക്സീന് ലഭിച്ചത്. വാക്സീനെടുത്ത ആരിലും രോഗം ഗുരുതരമാകുകയോ മരണമോ ഉണ്ടായില്ല. സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും വലിയ വാക്സീൻ പരീക്ഷണം നടത്തിയതു സൈകോവ് ഡി വാക്സീനിലാണ്. 50 കേന്ദ്രങ്ങളിലായി 28000 പേരിലായിരുന്നു മൂന്നാം ഘട്ട ട്രയൽ. വാക്സീൻ വില സംബന്ധിച്ച സൂചനകൾ കമ്പനി നൽകിയിട്ടില്ല.
വാക്സീൻ പ്രവർത്തനം
വാക്സീൻ നിർമാണത്തിലെ പുതിയ സാങ്കേതിക വിദ്യകളിലൊന്നാണ് സൈകോവ് ഡിയിൽ ഉപയോഗപ്പെടിത്തിയിരിക്കുന്നത്. കൊറോണയുടെ ജനിതക വസ്തുവിനെ ശരീരത്തിലെത്തിക്കാനും പ്രതിരോധശേഷിയെ ഉണർത്താനും പ്ലാസ്മിഡ് ഡിഎൻഎകളെ(കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്തു കാണുന്ന ഡിഎൻഎ വ്യൂഹം) വാഹകരായി ഉപയോഗപ്പെടുത്തുന്നതാണ് ഈ വാക്സീന്റെ പ്രവർത്തന തത്വം.
വാക്സീൻ സൂക്ഷിക്കുന്നത്
പ്ലാസ്മിഡ് ഡിഎൻഎ പ്ലാറ്റ്ഫോമിൽ രൂപപ്പെടുത്തിയതിന്റെ ഒട്ടേറെ ഗുണങ്ങൾ വാക്സീനുണ്ടാകും. സാധാരണ റഫ്രിജറേറ്റർ തണുപ്പിലാണ് സൂക്ഷിക്കേണ്ടതെങ്കിലും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പോലും 3 മാസം വരെ കേടുകൂടാതെയിരിക്കും. കോൾഡ് ചെയിൻ സംവിധാനത്തിന്റെ കുറവും വാക്സീൻ ഡോസേജ് നഷ്ടവും കുറയ്ക്കാൻ ഇതു സഹായിക്കും. ഉൽപാദനത്തിനുള്ള സൗകര്യങ്ങളുടെ കാര്യത്തിലും എളുപ്പമാണ്. ബയോസേഫ്റ്റി ലാബ് 1 മതിയാകും. വൈറസ് വകഭേദങ്ങൾക്കെതിരെയും മികച്ച രീതിയിൽ പ്രതികരിക്കുമെന്നതും ആവശ്യാനുസരണം വാക്സീനിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതും പ്രത്യേകതകളാണ്.
കുട്ടികൾക്കും ഉടൻ
മുതിർന്നവർക്കു മാത്രമല്ല, ഉപയോഗാനുമതി ലഭിച്ചാൽ കുട്ടികൾക്കും ഉപയോഗിക്കാവുന്ന വാക്സീനായി സൈഡസ് കാഡില മാറും. 12–18 വയസ്സു വരെ പ്രായമുള്ള കുട്ടികളിലെ ട്രയൽ നടത്തിക്കഴിഞ്ഞതും ഇതിന്റെ സുരക്ഷിതത്വം ഉൾപ്പെടെ ഉറപ്പാക്കിയതും നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1000ത്തോളം കുട്ടികളിലാണ് വാക്സീൻ പരീക്ഷിച്ചത്.
2) മൂക്കിലൂടെ പ്രതിരോധം
കോവിഡ് വാക്സീനുകളിൽ ഏറ്റവും പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന വാക്സീനുകളിലൊന്നാണ് ഭാരത് ബയോടെക്കിന്റെ രണ്ടാമത്തെ കോവിഡ് വാക്സീൻ. മൂക്കിലൂടെ നൽകുന്ന ഇൻട്രാനേസൽ വാക്സീനാണിത്. തുള്ളിമരുന്നായാണ് ആദ്യം ആലോചിച്ചതെങ്കിലും പിന്നീടിത് വാക്സീൻ സ്പ്രേ ആക്കി. ഇക്കാര്യത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അന്തിമ തീരുമാനം പ്രധാനമാകും. ഒറ്റ ഡോസ് മതിയാകുമെന്നതും പ്രത്യേകത. കൊറോണ വൈറസ് ബാധയുണ്ടാകുന്നതും ആദ്യ അസ്വസ്ഥകൾ തുടങ്ങുന്നതുമായ മൂക്കിലൂടെ വാക്സീൻ നൽകുന്നതു കൂടുതൽ ഫലപ്രാപ്തി നൽകുമെന്നാണ് ഭാരത് ബയോടെക്കിന്റെ അവകാശവാദം. സംഘടിത പ്രതിരോധ സംവിധാനവും ഇതിന്റെ പ്രവർത്തനവും കൂടുതൽ സജീവമാണെന്നതാണ് നേസൽ മ്യുക്കോസ വഴിയുള്ള വാക്സീൻ നൽകൽ കൂടുതൽ ഗുണം ചെയ്യാൻ കാരണം.
വൈറസ് ബാധ തടയുന്നതിനു പുറമേ, വൈറസ് പടർത്തുന്നത് ഒഴിവാക്കാനും ഈ രീതി സഹായിക്കുമെന്നും കമ്പനി പറയുന്നു. വേദനയില്ലാത്തതും നീഡിൽ ഫ്രീയുമായ ഈ രീതി വഴി കുട്ടികളിലെ വാക്സീൻ കുത്തിവയ്പ് കൂടുതൽ എളുപ്പത്തിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പരിശീലനം കിട്ടിയ വാക്സിനേറ്ററുടെ സഹായം ഇല്ലാതെ എളുപ്പത്തിൽ നൽകാമെന്നത് വാക്സീൻ വിതരണത്തിലും സഹായിക്കും. ചിംമ്പൻസികളിൽ ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോവൈറസിനെ വാഹകരാക്കി കൊറോണയുടെ ജനിതക വസ്തു കടത്തിവിടുന്ന രീതിയാണിതിന്. യുഎസിലെ വാഷിങ്ടൺ സ്കൂൾ ഓഫ് മെഡിസിൻസുമായി ചേർന്നാണ് ഭാരത് ബയോടെക്ക് ഇതു വികസിപ്പിച്ചത്.
3) ലൈറ്റാകുന്ന സുപുട്നിക്
റഷ്യയുടെ സ്പുട്നിക് V വാക്സീന്റെ ഒറ്റ ഡോസ് പതിപ്പാണ് ‘സ്പുട്നിക് ലൈറ്റ്’. റഷ്യ നടത്തിയ വാക്സീൻ ട്രയൽ ഡേറ്റ വച്ച് ഇന്ത്യയിൽ ഇതിന് അനുമതി കൊടുത്തേക്കുമെന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്. റഷ്യ ആദ്യം വികസിപ്പിച്ച സ്പുട്നിക് V വാക്സീൻ 21 ദിവസത്തെ ഇടവേളയിൽ നൽകുന്ന 2 ഡോസ് വാക്സീനാണ്. ജലദോഷ പനിയുണ്ടാക്കുന്ന അഡിനോവൈറസിൽ കൊറോണ വൈറസിന്റെ ജനിതക വസ്തു കടത്തിവിടുന്നതാണു ഇതിന്റെ പ്രവർത്തന രീതി. രണ്ടു ഡോസിലും അഡിനോ വൈറസിന്റെ രണ്ടു വ്യത്യസ്ത ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ, സ്പുട്നിക് ലൈറ്റിൽ Ad26 എന്ന അഡിനോവൈറസ് ഭാഗം ഉപയോഗിക്കുന്ന വാക്സീൻ ഡോസ് മാത്രം ഉപയോഗിക്കും. ഈ ഒറ്റ ഡോസ് കൊണ്ട് 79.4% ഫലപ്രാപ്തി ലഭിക്കുന്നുവെന്നാണു റഷ്യയിൽ നടന്ന ട്രയൽ ഫലം. രണ്ടു ഡോസ് വാക്സീനിൽ 91.6% ആണ് ഫലപ്രാപ്തി.
0 comments:
Post a Comment