തീരത്തടിഞ്ഞത് 45 കിലോയോളം ഭാരമുള്ള കൂറ്റൻ മൂൺ ഫിഷ്; അപൂർവ മത്സ്യം ഇവിടേക്കെത്താൻ കാരണം?
മനോരമ ഓൺലൈൻ
ഒറിഗൺ തീരത്തടിഞ്ഞത് കൂറ്റൻ മൂൺ ഫിഷ്. സൺസെറ്റ് ബീച്ചിലാണ് 45 കിലോയോളം ഭാരമുള്ള കൂറ്റൻ മത്സ്യത്ത കണ്ടെത്തിയത്. മേഖലയിൽ അപൂർവമാണ് മൂൺ ഫിഷ് അഥവാ ഒപാ മത്സ്യങ്ങൾ. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ ചൂടുപിടിച്ചതാവാം ഇവ ഇവിടേക്കെത്താൻ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. 3.5 അടിയോളം നീളമുണ്ടായിരുന്ന മത്സ്യത്തെ കൂടുതൽ പഠനാവശ്യങ്ങൾക്കായി സീസൈഡ് അക്വേറിയം ഏറ്റെടുത്തതായി ജനറൽ മാനേജർ കെയ്ത്ത് കാൻഡ്‌ലർ പറഞ്ഞു. മത്സ്യത്തെ ശീതീകരിച്ച് സൂക്ഷിക്കാനാണ് തീരുമാനം.
മൂണ്‍ ഫിഷ്, കിങ് ഫിഷ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആഴക്കടല്‍ മത്സ്യമാണ് ഒപാ. കടല്‍പ്പരപ്പില്‍ നിന്ന് ശരാശരി 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെടുന്ന ഈ മത്സ്യങ്ങള്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് പിടി കൊടുക്കാത്ത വിഭാഗമാണ്. മത്സ്യത്തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ഇരകളായ ട്യൂണ മത്സ്യങ്ങളുടെയും മറ്റും കൂടെ ഇവയെ കാണാറുണ്ടെങ്കിലും വേഗത്തില്‍ സഞ്ചരിക്കാനുള്ള ഇവയുടെ ശേഷി മൂലം വലയില്‍ കുടുങ്ങാറില്ല. പരന്ന ശരീരമാണ് ഇവയുടെ പ്രത്യേകത. നിറമാണ് മറ്റൊരു പ്രത്യേകത. ശരീരത്തിന്റെ പകുതി ഭാഗം തിളങ്ങുന്ന ചാരനിറത്തിലും ബാക്കി ഭാഗം ഓറഞ്ചു നിറത്തിലുമാണ്. ചിറകുകൾക്കും വാലിനും കടുത്ത ഓറഞ്ച് നിറമാണ്. ശരീരത്തിൽ വെള്ള പൊട്ടുകളുമുണ്ട്.
ഈ മത്സ്യത്തിന്‍റെ ഭാരമോ, അത്യപൂര്‍വവമായി മാത്രം വലയില്‍ കുടുങ്ങുന്നതോ അല്ലാ മൂണ്‍ ഫിഷിനെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നത്. മറിച്ച് അതിന്‍റെ ഒരു ശരീര സവിശേഷതയാണ്. സമുദ്രത്തിലെ ഏക സമ്പൂര്‍ണ ഉഷ്ണരക്തമുള്ള മത്സ്യമാണ് മൂണ്‍ ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍. ലാംപറിസ് ഗുട്ടാട്ടൂസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ മത്സ്യം അതിവേഗവും നല്ല കാഴ്ചാശക്തിയുമുള്ള സമുദ്രത്തിലെ മികച്ച വേട്ടക്കാരില്‍ ഒരാളാണ്. ഫിലിപ്പീന്‍സിലെ സമുദ്ര മേഖലയില്‍ സാധാരണമായി കാണപ്പെടുന്ന ജീവികളാണ് ഒപാ മത്സ്യങ്ങള്‍.
മറ്റു മീനുകളെ അപേക്ഷിച്ച് വേഗത്തിൽ നീന്താനും ഇരപിടിക്കാനുമെല്ലാം ഇവയുടെ ചൂടൻ രക്തം സഹായിക്കുന്നുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ മുൻപ് ഒപ ഫിഷിന്റെ ഈ വ്യത്യസ്തമായ കഴിവിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. പ്രായപൂർത്തിയായ ഒപാ ഫിഷിന് 90 കിലോയോളം തൂക്കമുണ്ടാകും. ഓവൽ ആകൃതിയിലുള്ള ഇതിന് ഒരു കാറിന്റെ ടയറോളം വലുപ്പം വയ്ക്കാൻ സാധിക്കും.
0 comments:
Post a Comment