കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണം കടുപ്പിക്കും
മഹേഷ് ഗുപ്തൻ June 28, 2021 03:08 AM IST
police-checking
തിരുവനന്തപുരം∙ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയ ശേഷം കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പ്രാദേശിക നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന നിർദേശമാണ് വിദഗ്ധർ മുന്നോട്ടു വച്ചത്.
10–15ൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങളും വേണം. ടിപിആർ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാത്രമായിരിക്കും ഇളവുകൾ അനുവദിക്കുക. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. തൊഴിൽ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.
നിലവിൽ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണം. മറ്റു തദ്ദേശസ്ഥാപനങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോവിഡ് വ്യാപനം വർധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളിൽ തുടരുകയാണ്. 21ന് 9.63 ആയിരുന്ന ടിപിആർ പിന്നീട് ഉയർന്ന് ശരാശരി 10.4 ആയി. ഒരാഴ്ചയ്ക്കകം ഇത് 7നു താഴെയെത്തുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെയാണ് വീണ്ടും നിബന്ധനകൾ കർശനമാക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശരാശരി 2.97% മാത്രമാണ്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ടിപിആർ 13.7% വരെ വർധിച്ചു. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 30% വരെ വർധിച്ചു. പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി.
ഇളവുകളോടെ ഇന്നു തുറക്കൽ
തിരുവനന്തപുരം ∙ വാരാന്ത്യ സമ്പൂർണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക‍്ഡൗൺ ഇളവുകൾ ഇന്നു മുതൽ പതിവു പോലെ തുടരും. കോവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക തലത്തിലാണു നിയന്ത്രണവും ഇളവുകളും.
തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ, ബി വിഭാഗങ്ങളിലാണ് (ടിപിആർ 16നു താഴെ) ഇളവുകൾ. ഇതിനു മുകളിലുള്ളവ ലോക്‌ഡൗണും ട്രിപ്പിൾ ലോക്ഡൗണും ആണ്.
∙ അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
∙ ഹോട്ടൽ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ, ഓൺലൈൻ/ഹോം ഡെലിവറി മാത്രം. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
∙ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. നാളെയും പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
∙ കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കും.
∙ അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും പതിവു പോലെ പ്രവർത്തിക്കും.
∙ കള്ളു ഷാപ്പുകളിൽ പാഴ്സൽ മാത്രം. ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളും തുറക്കും.
0 comments:
Post a Comment