ദേ, പുരപ്പുറത്തൊരു കാർ!
കണ്ണൂർ: വീടിെൻറ പോർച്ചിൽ കാർ ഒരത്ഭുതമല്ല. എന്നാൽ, ടെറസിലാണെങ്കിലോ. അതുകണ്ട് അത്ഭുതപ്പെടുകയാണിപ്പോൾ പയ്യന്നൂരുകാർ. പയ്യന്നൂർ മമ്പലം ക്ഷേത്രത്തിനു സമീപത്തെ പ്രസൂണിെൻറ വീടിനു മുകളിലാണ് നല്ല ഒന്നാന്തരമൊരു പുതുപുത്തൻ 'സ്വിഫ്റ്റ് കാർ' നിർത്തിയിട്ടിരിക്കുന്നത്. റോഡിലൂടെ പോകുന്നവർ പലരും കാർ കണ്ട് ആശ്ചര്യപ്പെട്ടു. ശരിക്ക് ശ്രദ്ധിച്ചപ്പോഴാണ് പുരപ്പുറത്തുള്ളത് കാറിെൻറ ശിൽപമാണെന്ന് തിരിച്ചറിയുന്നത്.
ചിലർ വണ്ടി നിർത്തി എന്താണ് സംഭവമെന്ന് ചോദിക്കും. സംഗതിയുടെ ഗുട്ടൻസ് പിടികിട്ടി കഴിയുമ്പോൾ പുരപ്പുറത്ത് കയറി കാറിനൊപ്പം സെൽഫിയെടുക്കുന്നവരും കുറവല്ല. ജങ്ഷനിൽനിന്ന് നോക്കുമ്പോൾ കണ്ണുപതിയുന്ന സ്ഥലത്തായിരുന്നു പുതിയ വീടിെൻറ അടുക്കളയുടെ ചിമ്മിനി. കാഴ്ചക്ക് അഭംഗിയായതിനാൽ എന്തു ചെയ്യുമെന്നാലോചിച്ച് വീട്ടുകാർ പയ്യന്നൂരിലെ ശിൽപി പി.വി. രാജീവനെ സമീപിച്ചു. ചിമ്മിനിയെ കാറാക്കി മാറ്റുക എന്നതായിരുന്നു രാജീവന് തോന്നിയ ബുദ്ധി. അഭംഗി മാറുമെന്നു മാത്രമല്ല, ആരും ഒന്നു നോക്കുകയും അതിലൂടെ വീട് കൂടുതൽ സുന്ദരമായി മാറുകയും ചെയ്യും.
ടെറസിനും കാറിെൻറ ടയറിനും ഇടയിലുള്ള വിടവിലൂടെ പുക പുറത്തേക്ക് പോകാനുള്ള സംവിധാനവുമൊരുക്കാം. കമ്പി, കമ്പിവല, സിമൻറ്, മണൽ, ജില്ലി ഇവയായിരുന്നു നിർമാണ സാമഗ്രികൾ. ആദ്യം കാറിെൻറ മാതൃകയിൽ കമ്പിയും നെറ്റും കെട്ടി ഉറപ്പിച്ചതിനുശേഷം കോൺക്രീറ്റ് ചെയ്തു. പിന്നീട് ഒറിജിനൽ കാറിെൻറ കൃത്യമായ അളവിൽ മാർക്ക് ചെയ്ത് ചാന്തു തേച്ചുപിടിപ്പിച്ചു മിനുക്കിയെടുത്തു.
12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലുമാണ് കാർ പണിതത്. സ്വിഫ്റ്റ് കാറിെൻറ അതേ വലുപ്പം. ചിമ്മിനി നേരത്തെ നിർമിച്ചതിനാൽ ചുമരോ കോൺക്രീറ്റോ പുറത്തുകാണാത്ത വിധത്തിൽ കാർ പണിയുക എന്നത്ശിൽപിക്ക് വലിയ വെല്ലുവിളിയായിരുന്നു. കൂട്ടിയും കുറച്ചും മാസങ്ങളോളം മനസ്സിൽ കാർ രൂപം പാകപ്പെടുത്തിയാണ് പണി തുടങ്ങിയതെന്ന് ശിൽപി പറഞ്ഞു.
മാസങ്ങളോളം ഒറ്റക്കായിരുന്നു രാജീവൻ. മിനുക്കുപണിയുടെ അവസാന ഘട്ടത്തിൽ കലാകാരന്മാരായ രമേശൻ നടുവിൽ, പ്രണവ് മാതമംഗലം, കെ.വി. അരുൺ എന്നിവർ സഹായികളായി. രാത്രിയും പകലും പണിയെടുത്താണ് നിശ്ചിത സമയത്തിനുള്ളിൽ ശിൽപം പൂർണതയിലെത്തിച്ചതെന്നും മുമ്പ് തേക്കുതടിയിൽ മനോഹരമായ ഗാന്ധിശിൽപം കൊത്തിയ രാജീവൻ 'മാധ്യമ'ത്തോടു പറഞ്ഞു.
(മാധ്യമം ഓൺലൈൻ)
0 comments:
Post a Comment