advertise here  Call : 9072780374

ടൂറിസ്റ്റുകള്‍ക്ക് വാക്സീന്‍ സൗജന്യമാക്കി അബുദാബി; ഫ്രീ വാക്സീനുമായി വേറെയുമുണ്ട് രാജ്യങ്ങൾ


 ‌

*⭕ ടൂറിസ്റ്റുകള്‍ക്ക് വാക്സീന്‍ സൗജന്യമാക്കി അബുദാബി; ഫ്രീ വാക്സീനുമായി വേറെയുമുണ്ട് രാജ്യങ്ങള്‍*


‌ വിനോദസഞ്ചാരികൾക്ക് സൗജന്യ കോവിഡ് -19 വാക്സിനേഷനുമായി യുഎഇയുടെ തലസ്ഥാനമായ അബുദാബി. മുമ്പ് വാക്സീന്‍ വിതരണം യുഎഇ പൗരന്മാർക്കും റെസിഡൻസി വീസ ഉടമകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

അബുദാബി വീസയുള്ള സന്ദർശകർക്കും ടൂറിസ്റ്റ് വീസയ്ക്ക് അർഹരായ പാസ്‌പോർട്ട് ഉടമകൾക്കും അബുദാബി വഴി യുഎഇയിൽ എത്തുമ്പോള്‍ സൗജന്യ വാക്സീന്‍ ബുക്ക് ചെയ്യാമെന്ന് എമിറേറ്റിന്‍റെ പൊതുജനാരോഗ്യ വിഭാഗത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു. കാലഹരണപ്പെട്ട റെസിഡൻസി അല്ലെങ്കിൽ എൻട്രി വീസ കൈവശമുള്ളവർക്കും സൗജന്യ വാക്സിനേഷന് അർഹതയുണ്ടെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള കോവിഡ്-19 വാക്സിൻ വിതരണ നടപടികളിലൊന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റേത്. 14.5 ദശലക്ഷത്തിലധികം ഷോട്ടുകൾ നിലവില്‍ നല്‍കിക്കഴിഞ്ഞു. ഏകദേശം 10 ദശലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 

യാത്രക്കാര്‍ രാജ്യത്ത് എത്തുമ്പോള്‍ കയ്യില്‍ കരുതേണ്ട രേഖകളുടെയും മറ്റും കാര്യത്തില്‍ മാറ്റമൊന്നുമില്ല. എല്ലാ യാത്രക്കാരും കോവിഡ് ടെസ്റ്റ്‌ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഓസ്ട്രിയ, ഹോങ്കോങ്, മൗറീഷ്യസ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വീഡൻ, യുഎസ്, ഉസ്ബെക്കിസ്ഥാൻ എന്നിവ അടക്കം മുപ്പതു രാജ്യങ്ങളാണ് അബുദാബിയുടെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. 

അബുദാബിയെ കൂടാതെ മാലദ്വീപ്‌, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്ന് ആദ്യമായി പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഒന്നാണ് മാലദ്വീപ്. ടൂറിസ്റ്റുകള്‍ക്കായുള്ള വാക്സിനേഷന്‍ ടൂറിസ്റ്റ് പ്രോഗ്രാം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. 

രാജ്യാന്തര അതിർത്തികൾ മിക്കവാറും അടച്ചിരിക്കുകയാണ് യുഎസില്‍. എന്നിരുന്നാലും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വാക്സിൻ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് യുഎസിലെ ചില സംസ്ഥാനങ്ങള്‍. അലാസ്ക ഇതിനകം തന്നെ ‘ലാസ്റ്റ് ഫ്രോണ്ടിയർ’ സന്ദർശിക്കുന്നവർക്ക് സൗജന്യമായി കോവിഡ്-19 വാക്സീൻ നൽകാൻ തുടങ്ങിയിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ സബ്‌വേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ താമസക്കാർക്കും സന്ദർശകർക്കുമായി പോപ്പ്-അപ്പ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ഈ വേനൽക്കാലത്ത് ടൈംസ് സ്ക്വയർ, ഹൈ ലൈൻ തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സിംഗിൾ ഷോട്ട് ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ നൽകാനും ന്യൂയോര്‍ക്കില്‍ പദ്ധതിയുണ്ട്.

About VOP

0 comments:

Post a Comment

Powered by Blogger.