ആരും ഇറക്കിവിടാത്തൊരു വീട് വേണം; പൊറോട്ടയടിച്ച് വൈറലായ അനശ്വര
സോഷ്യൽ മീഡിയ ഒരു ദിവസംകൊണ്ട് പലരെയും താരങ്ങളാക്കും. അത് പലർക്കും ദുരിതങ്ങളിൽ നിന്നുള്ള കരകയറൽ കൂടിയാകും. അങ്ങനെ ഇപ്പോൾ താരമായിരിക്കുന്നത് എരുമേലി സ്വദേശിനിയായ 23–കാരിയായ അനശ്വര എന്ന പെൺകുട്ടിയാണ്. എൽഎൽബി വിദ്യാര്‍ഥിനിയായ അനശ്വര പൊറോട്ട ഉണ്ടാക്കുന്നതിന്റെ വിഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കുറുവാമൊഴിക്കൽ എന്ന സ്ഥലത്തെ ആര്യ ഹോട്ടലിൽ അനശ്വരയുടെ അനായാസമായ പൊറോട്ടയടി കണ്ട് കാഴ്ചക്കാർ ശരിക്കും കൗതുകപ്പെടുകയാണ്. ഒപ്പം അനശ്വരയുടെ കഥയും. വിഡിയോ വൈറലായതോടെ ഫോൺ താഴെ വയ്ക്കാൻ സമയമില്ല എന്നാണ് അനശ്വര പറയുന്നത്. തന്റെ ജീവിതത്തിന്‍റെ ഗതിമാറും എന്ന പ്രതീക്ഷയും അനശ്വരയ്ക്കുണ്ട്. അനശ്വരയുടെ വാക്കുകളിങ്ങനെ:
*വിഡിയോ വൈറൽ, തിരക്കോട് തിരക്ക്*
വിഡിയോ ഇന്നലെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപ്പോൾ മുതൽ എനിക്ക് ഫോൺവിളിയുടെ ബഹളമാണ്. അഭിനന്ദിച്ചും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും നിരവധിപ്പേരാണ് വിളിക്കുന്നത്. എന്റെ ചേട്ടൻ എനിക്ക് എടുത്തു തന്ന വിഡിയോ ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. വര്‍ഷങ്ങളായി ഞങ്ങൾ ഈ കട നടത്തുന്നുണ്ട്. 13 വർഷമായി ഞാനും സഹായിക്കാനായി കൂടുന്നുണ്ട്. അമ്മ സുബിയും ഞാനും അമ്മയുടെ ചേച്ചിയും ചേർന്നാണ് കട നടത്തുന്നത്. താമസിക്കുന്നതും ഞങ്ങൾ ഒരുമിച്ച് കടയോട് ചേർന്നുള്ള വീട്ടിലാണ്. സ്വന്തം വീടല്ല. കുടുംബവീടാണ്. അമ്മാവന്റെ പേരിലാണുള്ളത്. അവർക്ക് വേറെ വീടുള്ളതുകൊണ്ട് ഞങ്ങളിവിടെ താമസിക്കുന്നു എന്നേയുള്ളൂ.
*പൊറോട്ടയടി, ഒപ്പം പഠനം*
തൊടുപുഴ അൽ അസർ കോളജിൽ എൽഎൽബി അവസാന വർഷമാണ് പഠിക്കുന്നത്. അമ്മയും ചിറ്റമ്മയും ചേർന്നാണ് പഠിപ്പിക്കുന്നത്. ലോണെടുത്തും ഹോട്ടലിൽ നിന്ന് കിട്ടുന്ന വരുമാനവും കൊണ്ടാണ് ചിലവുകൾ കഴിക്കുന്നത്. കല്യാണം, വീടിന്റെ വാർപ്പ് പണി തുടങ്ങിയ പരിപാടികൾക്ക് ഓർഡർ ലഭിക്കാറുണ്ട്. പൊറോട്ടയും കറിയും, കപ്പ പുഴുങ്ങിയത് ഒക്കെയാണ് പ്രധാനമായും ഉണ്ടാക്കി കൊടുക്കുക. ലോക്ഡൗണായതുകൊണ്ട് ഇപ്പോൾ ഓൺലൈനായാണ് ക്ലാസുകൾ. സുഹൃത്തുക്കളൊക്കെ വിളിച്ച് നീ ഇപ്പോൾ സെലിബ്രിറ്റി ആയല്ലോ എന്ന് പറയുന്നുണ്ട്. അവരൊക്കെ ഇപ്പോഴാണ് ശരിക്കും ഞാൻ ഇങ്ങനെ പൊറോട്ടയടിക്കുമെന്ന് മനസ്സിലാക്കിയത്.
*വീടുവേണം*
നിരവധി പേരാണ് വിളിക്കുന്നത് ഇപ്പോൾ. സുപ്രീം കോടതിയിൽ നിന്നുള്ള ഒരു അഭിഭാഷകൻ ഇപ്പോൾ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ ജൂനിയറായി ചേരാനുള്ള അവസരം തന്നു. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്ന് ഉറപ്പു പറഞ്ഞു. എനിക്ക് എൽഎൽഎം ചെയ്യണമെന്നാണ് ആഗ്രഹം. അതിനൊപ്പം സിവിൽ സർവീസ് മോഹവുമുണ്ട്. ചെറിയ കടങ്ങൾ മാത്രമേ ഞങ്ങൾക്കുള്ളൂ. അത് വീട്ടണം. അമ്മയ്ക്കും ചിറ്റമ്മയ്ക്കും കിടക്കാൻ അടച്ചുറപ്പുള്ള വീട് ഉണ്ടാക്കി നൽകണം. ആരും അവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറയരുത് ഇതൊക്കെയാണ് എന്റെ ചെറിയ ആഗ്രഹങ്ങൾ. അതിന് വഴിതെളിയുമെന്നാണ് പ്രതീക്ഷ.
0 comments:
Post a Comment