advertise here  Call : 9072780374

ജനിച്ചതും വളർന്നതും ഒടുവിൽ മരിച്ചതും ഒന്നിച്ച്: എൻജിനിയർമാരായ ഇരട്ട സഹോദരങ്ങൾ മണിക്കൂറുകൾക്കിടെ കൊറോണ ബാധിച്ച് മരിച്ചു


 *ജനിച്ചതും വളർന്നതും ഒടുവിൽ മരിച്ചതും ഒന്നിച്ച്: എൻജിനിയർമാരായ ഇരട്ട സഹോദരങ്ങൾ മണിക്കൂറുകൾക്കിടെ കൊറോണ ബാധിച്ച് മരിച്ചു*



*മീററ്റ്*:  മലയാളി യുവ എൻജിനീയർമാരായ ഇരട്ട സഹോദരങ്ങൾ മീററ്റിൽ കൊറോണ ബാധിച്ച് മരിച്ചു. ഗ്രാമല ബ്രഹ്മകുളം വീട്ടിൽ ഗ്രിഗറി റാഫേൽ- സോജ ദമ്പതികളുടെ മക്കളായ ജോയ്ഫ്രെഡ്, റാൽഫ്രെഡ് എന്നിവരാണ് മരിച്ചത്. 24 വയസായിരുന്നു ഇവർക്ക്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മേയ് ഒന്നിനാണ് ഇരുവരെയും മീററ്റിലെ ആനന്ദ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്.


ജനനം മുതൽ 24 വയസ്സ് വരെ അവർ എപ്പോഴും ഒന്നിച്ചായിരുന്നു. വളർന്നതും പഠിച്ചതും സ്വപ്നങ്ങൾ കണ്ടതുമെല്ലാം ഒരുമിച്ച്. ഒടുവിൽ അടുത്തടുത്ത മണിക്കൂറുകളിൽ കൊറോണ ആ ഇരട്ട സഹോദരങ്ങളുടെ ജീവൻ കവർന്നു. 1997 ഏപ്രിൽ 23നാണ് ഗ്രിഗറി റാഫേലിന്റെ ഭാര്യ സോജ രണ്ട് കൺമണികൾക്ക് ജന്മം നൽകിയത്. ചെറുപ്പം മുതൽക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരൻമാരെ ആർക്കും വേർപ്പെടുത്താൻ ആകുമായിരുന്നില്ല.


പഠനത്തിലടക്കം ഒന്നിച്ചായിരുന്ന ഇരുവരും കമ്പ്യൂട്ടർ എൻജിനിയറിങ്ങിലാണ് തങ്ങളുടെ ഭാവി കണ്ടത്. ഹൈദരാബാദിൽ ജോലിയും ഒരുമിച്ചായിരുന്നു. ഏപ്രിൽ 24ന് കൊറോണ പിടിപ്പെട്ട ഇരുവരും മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ മരണത്തിലും ഒരുമിച്ചു. ഒരാൾക്ക് എന്താണോ സംഭവിക്കുന്നത് അത് തന്നെ മറ്റെയാൾക്കും സംഭവിക്കുമായിരുന്നു. ജനനം മുതൽ അത് അങ്ങനെയാണെന്ന് കുടുംബം പറയുന്നു.


മൂന്ന് മിനിട്ടിൻറെ വ്യത്യാസത്തിലാണ് അവർ ജനിച്ചത്. കഠിനാധ്വാനികളായിരുന്നു. കുടുംബത്തോട് അത്രയും സ്‌നേഹമായിരുന്നു ഇരുവർക്കും. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞങ്ങളുടെ കുടുംബം ഈ കൊറോണ കാരണം തകർന്നു എന്നാണ് അമ്മ റോജ കണ്ണീരോടെ പറയുന്നത്. ഓക്‌സിജന്റെ അളവ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി. മെയ് 10ന് ഇരുവരും കൊറോണ നെഗറ്റീവായപ്പോൾ ആ മാതാപിതാക്കൾ ആശ്വസിച്ചു.


എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് ജോ മരിച്ചു. റാൽഫ്രെഡിനെയും നഷ്ടമാകുമെന്ന് അന്നേ പേടിച്ചെന്ന് അമ്മ പറഞ്ഞു. കാരണം അവർ ഒന്നാണ്. ഒരാളില്ലാതെ മറ്റേയാൾക്ക് കഴിയില്ല ജീവിക്കാൻ. അവരെ വേർപിരിക്കാൻ ആർക്കുമാവില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. മാതാപിതാക്കൾ കോളജ് അദ്ധ്യാപകരായിരുന്നതിനാൽ ഇരുവരും വളർന്നതും പഠിച്ചതും മീററ്റിലാണ്. എൻജിനീയറിങ് ബിരുദമെടുത്ത ശേഷം ഇരുവരും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മീററ്റിലെ സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ സംസ്‌കാരം നടത്തി.

About VOP

0 comments:

Post a Comment

Powered by Blogger.