*🔰വേനൽക്കാലത്ത് ഈ രോഗങ്ങൾ കൂടും; ചികിത്സിക്കാതെ വിടരുത്*
_ഡോ. സൗമ്യ സത്യൻ_
വേനൽക്കാലം ചൂടിന്റെ മാത്രമല്ല, പലതരം രോഗങ്ങളുടെയും കാലമാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ട് രോഗങ്ങളാണ് മഞ്ഞപ്പിത്തവും ടെെഫോയ്ഡും.
*മഞ്ഞപ്പിത്തം*
വേനൽക്കാലത്ത് പ്രധാനമായും ഉണ്ടാകുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റെെറ്റിസ് എ എന്നാണ് യഥാർഥ പേര്. ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം പടരും. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വെെറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്.
*ലക്ഷണങ്ങൾ*
◾ക്ഷീണം
◾പനി
◾വയറുവേദന
◾ഛർദി
◾വയറിളക്കം
◾വിശപ്പില്ലായ്മ
◾കണ്ണിലും ചർമത്തിലും മൂത്രത്തിലും മഞ്ഞനിറം കാണുക
◾മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങൾ.
ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
*ചികിത്സ*
ലക്ഷണങ്ങൾ കണ്ടാൽ വെെകാതെ ചികിത്സിക്കണം. സ്വയം ചികിത്സയും വ്യാജചികിത്സയും അരുത്. ഹെപ്പറ്റെെറ്റിസ് എ തന്നെയാണോ എന്ന് തിരിച്ചറിയാൻ പരിശോധന നടത്തണം. രക്തപരിശോധനയും ലിവർ ഫങ്ഷൻ ടെസ്റ്റും ചെയ്യേണ്ടി വരും. ലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിത്സ. നല്ല വിശ്രമവും ഈ സമയത്ത് ആവശ്യമാണ്.
ഹെപ്പറ്റെെറ്റിസ് എയ്ക്ക് വാക്സിൻ ലഭ്യമാണ്. വീട്ടിലോ ഹോസ്റ്റലുകളിലോ ഒക്കെ ഒരാൾക്ക് രോഗം വന്നാൽ ബാക്കിയുള്ള എല്ലാവരും ഈ വാക്സിൻ എടുക്കുന്നത് നല്ലതാണ്.
*മഞ്ഞപ്പിത്തമുള്ളപ്പോൾ ശ്രദ്ധിക്കേണ്ടത്*
◾എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം.
◾തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്. കിണർവെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം.
◾തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണം. അത്തരം പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക.
◾ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
◾പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം.
മദ്യപാനവും പുകവലിയും ഒഴിവാക്കണം.
*ടെെഫോയ്ഡ്*
മലിനമായ ഭക്ഷണം, മലിനമായ വെള്ളം എന്നിവയിലൂടെ പകരുന്ന രോഗമാണ് ടെെഫോയ്ഡ്.
സാൽമൊണെല്ല ടെെഫി ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. മനുഷ്യരിൽ കുടലിലും രക്തത്തിലും ഇത് കാണപ്പെടും.
*പകരുന്നത് ഇങ്ങനെ*
രോഗം ബാധിച്ച വ്യക്തിയുമായുള്ള സമ്പർക്കം, മലിനമായ വെള്ളം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. കുടലിലാണ് ബാക്ടീരിയ പ്രവേശിക്കുക. പിന്നീട് ഇവ രക്തത്തിലേക്കും കോശങ്ങളിലേക്കും മറ്റ് അവയവങ്ങളിലേക്കും പ്രവേശിക്കും. അങ്ങനെ പ്രതിരോധവ്യവസ്ഥയ്ക്ക് പ്രതികരിക്കാനാവാത്ത അവസ്ഥയുണ്ടാകും. വയറുവേദനയും പനിയുമാണ് ലക്ഷണങ്ങൾ.
*പ്രതിരോധിക്കാം*
ടെെഫോയ്ഡ് പടരുന്ന ഇടങ്ങളിൽ പ്രതിരോധത്തിനായി വാക്സിനുകൾ നൽകാറുണ്ട്. മഞ്ഞപ്പിത്തത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടെെഫോയ്ഡിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. ടെെഫോയ്ഡ് ലക്ഷണങ്ങൾ കണ്ടാൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കരുത്. ഡോക്ടറുടെ നിർദേശപ്രകാരമേ ചികിത്സ സ്വീകരിക്കാവൂ.
(പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഫിസിഷ്യനാണ് ലേഖിക)
0 comments:
Post a Comment