50 വയസ് കഴിഞ്ഞിട്ടും വിവാഹം പോലും കഴിക്കാതെ അമ്മയെ സ്വന്തം കുഞ്ഞിനെ നോക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നപോലെ പരിപാലിക്കുകയാണ് ഒരു മകന്‍. ജിഎംബി ആകാശ് എന്ന എഴുത്തുകാരനാണ് ഫേസ്ബുക്കില്‍ ഈ അമ്മയുടെയും മകന്റെയും ജീവിതം പങ്കുവെച്ചത്. ഡല്‍ഹി സ്വദേശി യൂനസാണ് പരിഹാസങ്ങളൊന്നും കാര്യമാക്കാതെ അമ്മയെ ശുശ്രൂഷിക്കുന്നത്. അമ്മയുടെ മുഖത്തെ ചിരിയും സന്തോഷവുമാണ് തനിക്ക് കാണേണ്ടത്. പരിഹാസങ്ങളൊന്നും വിഷയമല്ലെന്നു പറയുന്നു യൂനസ്.
*ജിഎംബി ആകാശ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യൂനസിന്റെ വാക്കുകള്‍:*
''എനിക്ക് 50 വയസായി. വിവാഹിതനല്ല. എന്റെ പുരുഷത്വത്തെ വരെ ചോദ്യം ചെയ്യുന്നവരുണ്ട്. പക്ഷേ ഞാന്‍ വിവാഹം കഴിക്കാതിരുന്നത് എന്റെ അമ്മയെ നോക്കാനാണ്. അമ്മയോട് എനിക്കുള്ള കടപ്പാടിന് വിവാഹജീവിതം വേണ്ടെന്ന എന്റെ തീരുമാനം പോലും മതിയാകില്ല.
അച്ഛന്‍ മരിച്ച ശേഷം മക്കളെ വളര്‍ത്താന്‍ അമ്മ ചെയ്യാത്ത ഒരു ജോലിയും ഉണ്ടായിരുന്നില്ല. മൂത്ത മകനാണ് ഞാന്‍. അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാള്‍ ഉത്തരവാദിത്തം കൂടുതലായിരുന്നു എനിക്ക്. അമ്മയുടെ ക്ലേശങ്ങള്‍ എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസിലായപ്പോള്‍ മുതല്‍ ഞാന്‍ അമ്മയെ സഹായിക്കുകയാണ്.
സഹോദരങ്ങളെ വിവാഹം ചെയ്ത് അയച്ചപ്പോള്‍ എനിക്കൊരു കാര്യം മനസിലായി, എല്ലാവരും കുടുംബമൊക്കെയായി തിരക്കിലാണ്. ഞാന്‍ വിവാഹിതനായാല്‍ അമ്മയെ ആരു നോക്കുമെന്ന ചിന്ത എന്നെ അലട്ടി. വിവാഹം വേണ്ടെന്ന തീരുമാനമെടുത്തു.
അമ്മക്ക് ഇപ്പോള്‍ വയസായി. സ്വയം നോക്കാന്‍ കഴിയില്ല. കുഞ്ഞിനെ നോക്കുന്നതു പോലെ അമ്മയെ ശുശ്രൂഷിക്കണം. ഇപ്പോള്‍ ജോലിക്ക് പോകുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. മിക്ക ദിവസവും കഴിക്കാന്‍ അരിയും ഉരുളക്കിഴങ്ങും മാത്രമേ ഉള്ളൂ. ചിലപ്പോള്‍ അരിയും ഉപ്പും മാത്രം. എനിക്ക് കുറച്ചു ദിവസമൊക്കെ നല്ല ഭക്ഷണമില്ലാതെ ജീവിക്കാനാകും. പക്ഷേ, അമ്മയെ ഓര്‍ത്താണ് വേദന. അമ്മക്ക് മെച്ചപ്പെട്ട ജീവിതം നല്‍കുക എന്നതായിരുന്നു എന്റെ സ്വപ്‌നം.
ദിവസങ്ങള്‍ക്കു മുന്‍പൊരിക്കല്‍ ഞാന്‍ ഒരു വീട്ടില്‍ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ അമ്മയുടെ കട്ടിലിന് തീപിടിച്ചതായാണ് കണ്ടത്. നിസഹായായി എന്നെ വിളിക്കുകയായിരുന്നു അമ്മ. ആ സംഭവത്തിനു ശേഷം ഞാന്‍ ജോലിക്ക് പോയിട്ടില്ല.
അമ്മയെ കുളിപ്പിക്കുന്നതും തലയില്‍ എണ്ണ തേക്കുന്നതും അമ്മയുടെ വസ്ത്രങ്ങള്‍ കഴുകുന്നതും പാചകം ചെയ്യുന്നതും ഞാനാണ്. ചിലപ്പോള്‍ അമ്മ മൂത്രമൊഴിക്കും. കിടക്കയെടുത്തുകൊണ്ട് പോയി അടുത്തുള്ള കുളത്തില്‍ പോയി ഞാന്‍ കഴുകും.
അമ്മ എനിക്കൊപ്പം സന്തോഷവതിയാണ്. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ എനിക്ക് പ്രശ്‌നമല്ല. അമ്മയുടെ സന്തോഷത്തിനായി എല്ലാ ഗോസിപ്പുകളും കേള്‍ക്കാന്‍ തയ്യാറാണ്. അവസാനശ്വാസം വരെ പുഞ്ചിരിയോടെ ഞാന്‍ അമ്മയെ ശുശ്രൂഷിച്ച് ആ അഴുക്കുകള്‍ വൃത്തിയാക്കും'
0 comments:
Post a Comment