പുനലൂർ താലൂക്ക് ആശുപത്രി ഇനി ഹൈടെക് ആശുപത്രി
ബഹുനില മന്ദിരത്തിന്റെ നിർമാണപ്രവർത്തനം അന്തിമഘട്ടത്തിൽ.
പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഹൈടെക് ബഹുനില മന്ദിരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി കെട്ടിടം നാടിനു സമർപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്ഥലം എംഎൽഎയും വനം വന്യജീവി വകുപ്പ് മന്ത്രി കൂടിയായ കെ രാജുവിന്റെ പ്രയത്ന ഫലമായാണ് പുനലൂർ താലൂക്ക് ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചു പുതിയ കെട്ടിടത്തിൽ ഐസൊലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ മലയോര മേഖലയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാനാകും. കേരളത്തിലെ മറ്റ് സർക്കാർ താലൂക്ക് ആശുപത്രികൾക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
68.19 കോടി രൂപ കിഫ്ബി ധനസഹായത്തോടെയാണ് 2,00000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടം പൂർത്തീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ കെട്ടിടത്തിനുള്ളിലെ പശ്ചാത്തല വികസനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമയി കിഫ്ബി യിൽ നിന്ന് അധികമായി 2.07 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
333 കിടക്കകളുള്ള കെട്ടിടത്തിൽ ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങി വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷൻ തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോർട്ടം റൂമും, എക്സ് റേ, എംആർഐ, സി.റ്റി സ്കാൻ, ദന്തൽ എക്സ്-റേ, ബ്ലഡ് ബാങ്ക്, ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 94 ഐസിയു ബെഡ്ഡുകളും 6 ലിഫ്റ്റുകളുമുണ്ട്. ഇങ്കെൽ ലിമിറ്റഡ് നാണ് നിർമ്മാണ ചുമതല.
ശുചീകരണ സംവിധാനം, മാലിന്യസംസ്കരണ പ്ലാന്റ്, അഗ്നി രക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
0 comments:
Post a Comment