പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) അന്തരിച്ചു.ശനിയാഴ്ച പുലർച്ചെ 1.40-ഓടെയായിരുന്നു അന്ത്യം. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ക്യാമറയാണ് അദ്ദേഹത്തിന്റേത്.
കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടി. മാവേലിക്കര രവിവർമ സ്‌കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി.1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടൻ ജീവിതത്തിന്റെ ഭാഗമായി.1994-ൽ വിരമിച്ചു. സ്‌കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.
’ബഷീർ: ഛായയും ഓർമയും’, ’എം.ടി.യുടെ കാലം’ എന്നിവയാണ് രാജന്റെ പുസ്തകങ്ങൾ . മാതൃഭൂമി പത്രത്തിൽ ’ഇന്നലെ’, ആഴ്ചപ്പതിപ്പിൽ ’അനർഘനിമിഷങ്ങൾ’ എന്നീ പംക്തികൾ കൈകാര്യം ചെയ്തു. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളിൽ സഞ്ചരിച്ച് തയ്യാറാക്കിയ ’മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു.ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്., ചാലപ്പുറം), മകൻ ഡോ. ഫിറോസ് രാജൻ (കാൻസർ സർജൻ, കൊവൈ മെഡിക്കൽ സെന്റർ, കോയമ്പത്തൂർ), മകൾ ഡോ. പോപ്പി രാജൻ (ക്വലാലംപുർ മെഡിക്കൽ കോളേജ്).റിപ്പോർട്ട് :മനോജ് നടേശൻ (www.people24x7.com)
0 comments:
Post a Comment