advertise here  Call : 9072780374

National

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു.

ചെന്നൈ: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുട‍ര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.

1990ല്‍ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എന്‍ ശേഷന്‍ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാന്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകള്‍ നടത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികള്‍ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശ്സ്തമായ മഗ്സസെ പുരസ്കാരത്തിനും അര്‍ഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണ‍‍ര്‍ എന്നാകും കാലം അദ്ദേഹത്തെ ഇനി ഓ‍ര്‍മ്മിക്കുക.

1990 മുതല്‍ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ടി എന്‍ ശേഷന്റെ പരിഷ്കാരങ്ങള്‍ സുപ്രീംകോടതിയില്‍ വരെ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സ‍ര്‍ക്കാ‍ര്‍ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തില്‍ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്.

പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തില്‍ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനാധിപത്യപരമാക്കാനും ടി എന്‍ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍.

About VOP

0 comments:

Post a Comment

Powered by Blogger.