പുനലൂർ താലൂക്ക് ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് കുത്തിവെയ്പ് നൽകിയതിനെ തുടർന്ന് ഇടതുകാൽ തളർന്നതായി പരാതി. പുനലൂർ പട്ടണത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ ചെമ്മന്തൂർ സ്വദേശി ഷംനാദിന്റെ(29) ഇടതുകാലാണ് തളർന്നത്. പനി ബാധയെ തുടർന്ന് കഴിഞ്ഞ രണ്ടിന് യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി ഇടത്തേ ഏണിൽ കുത്തിവെയ്പ്പ് നിർദേശിച്ചു. എന്നാൽ ഏണിൽ കുത്തി വെയ്ക്കുന്നതിൽ അസൗകര്യം അറിയിച്ച യുവാവിന്റെ കൈയ്യിലാണ് കുത്തിവെയ്പ് എടുത്തത്. ഇതിന് ശേഷം ഇടതുകാൽ തളർന്ന് പോയെന്നാണ് പരാതി. പിന്നീട് വീണ്ടും താലൂക്കാശുപത്രിയിൽ ചികിത്സതേടിയ യുവാവിനെ ഫിസിഷ്യനെ കാണാൻ നിർദേശിച്ചു. താലൂക്ക് ആശുപത്രിയിൽ തൃപ്തികരമായ സമീപനം ലഭിക്കാതെ വന്നതോടെ ഇവർ സ്വകാര്യ ആശുപത്രിയിലെ മറ്റൊരു ഫിസിഷ്യന്റെ സേവനം തേടി. കുത്തിവെയ്പിലെ പിഴവാണെന്ന് ബോധ്യപ്പെട്ടതോടെ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ വിഭാഗത്തിലെ വിദഗ്ധ ചികിത്സയിൽ കുത്തിവെയ്പിലെ പിഴാവാണ് യുവാവിന്റെ കാൽ തളരാൻ കാരണമായതെന്ന് കണ്ടെത്തി. ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ അവസ്ഥയ്ക്ക് കാരണക്കാരായ ഡോക്ടർക്കും നഴ്സിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിൻറെ മാതാവ് താലൂക്ക് ആശുപത്രിയിൽ പരാതിയുമായെത്തി. ഇവർക്കൊപ്പം നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളും യൂണിയൻ പ്രവർത്തകരും എത്തിയതോടെ രംഗം വഷളായി. തുടർന്ന് യുവാവിന്റെ ബന്ധുക്കളും യൂണിയൻ നേതാക്കളുമായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആർ.ഷാഹിർഷ ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഇവർക്ക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ സംഘടിച്ചവർ പിരിഞ്ഞു പോയത്. യുവാവിനെ താലൂക്ക് ആശുപത്രിയിൽ തുടർ ചികിത്സ നൽകുമെന്നും സൂപ്രണ്ട് അറിയിച്ചു.
Report : Seyd
© Team VOP
0 comments:
Post a Comment